പേരാമ്പ്രയിലെ അനു കൊലക്കേസ്; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടിരുന്നു, നിര്‍ണായകമായി സ്ത്രീയുടെ മൊഴി


പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നല്‍കിയത്. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പതിനൊന്നാം തിയ്യതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്‌മാന്‍ വാളൂരിലെ ഇടറോഡില്‍വച്ച് അനുവിനെ കൊലപ്പെടുത്തിയത്. ഈ സ്ഥലത്തിന് മുമ്പുള്ള രണ്ട് ഇടറോഡുകളില്‍ സമാനരീതിയില്‍ കുറ്റകൃത്യം നടത്താന്‍ പ്രതി നീക്കം നടത്തിയതായുള്ള വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതി ീ പ്രദേശങ്ങളില്‍ കറങ്ങി നടന്നിരുന്നുവെന്നകാര്യമാണ് സ്ത്രീ പൊലീസിനെ അറിയിച്ചത്.

മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പുലര്‍ച്ചെ 3.30നാണ് മുജീബ് പുറപ്പെട്ടത്. രാവിലെ 9.30നാണ് മുജീബ് വാളൂരില്‍ എത്തിയത്. ഇതിനിടയിലുള്ള സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിക്കുകയാണ്.

അതിനിടെ 2020ല്‍ മുക്കത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് മുമ്പും മുജീബ് മറ്റൊരു സ്ത്രീയെ ആക്രമിച്ചിരുന്നു. 2019ല്‍ തലപ്പുഴയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. വാഹനത്തില്‍ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകളില്‍ പ്രതിയാണ് മുജീബ്.