സംസ്ഥാനത്ത് ഡ്രൈവിംങ്ങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവിറങ്ങി; പ്രധാന നിര്‍ദേശങ്ങളും മാറ്റങ്ങളും എന്തെല്ലാമെന്നറിയാം വിശദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. ഇനി ‘എച്ച്’ ഇല്ല. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുക. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.
പ്രധാന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1 കാല്‍പാദം കൊണ്ട് ഗിയര്‍ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം.
2 ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.
3 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ പരിശീലനം കൊടുക്കരുത്.
4 ഡ്രൈവിങ് ടെസ്റ്റിലെ ഗ്രൗണ്ട് ടെസ്റ്റ് പരിഷ്‌കരിച്ചു.
5 പ്രതിദിനം ഒരു എം.വി.ഐയും എ.എം.വി.ഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
6 ലേണേഴ്‌സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും.
7 ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന എല്‍എംവി വിഭാഗത്തിലെ വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറ,വി.എല്‍.ടി.ഡി ഘടിപ്പിക്കണം.
8 ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരാകണം.