പി.മോഹനന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊയിലാണ്ടിയില്‍; പി.വി.സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി- വീഡിയോ കാണാം


കൊയിലാണ്ടി: ഉത്സവപ്പറമ്പില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം പെരുവട്ടൂരിലെ വീട്ടില്‍ കൊണ്ടുവരും.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അടക്കമുള്ള ജില്ലയിലെ പ്രധാന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല തുടങ്ങിയവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുവട്ടൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാത്രി 10മണിയോടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.