ഉദയവും അസ്തമയവും മനോഹരമായ അണക്കെട്ടിന്റെ വിദൂരദൃശ്യങ്ങളും; ഇനി വയനാട്ടിലേക്ക് പോകുമ്പോള്‍ മഞ്ഞപ്പാറയുടെ കാഴ്ചകള്‍ ആസ്വദിച്ചാലോ!



യനാടന്‍ കാഴ്ചകള്‍ നമുക്ക് ഏറെ പ്രിയമാണ്. അത്രയധികം പരിചിതമല്ലാത്ത, എന്നാല്‍ ഏറെ മനോഹരമായ ഒരു കാഴ്ചയാണ് മഞ്ഞപ്പാറയിലേത്. മനം നിറയ്ക്കുന്ന കാഴ്ചകളുടെ വിരുന്നാണ് അമ്പലവയലിലെ മഞ്ഞപ്പാറ മല. ടൂറിസം ഭൂപടത്തില്‍ ഇടമില്ലെങ്കിലും നൂറുകണക്കിന് സന്ദര്‍ശകരാണ് മഞ്ഞപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഉദയവും അസ്തമയവും കാരാപ്പുഴ അണക്കെട്ടിന്റെ വിദൂരദൃശ്യങ്ങളും നന്നായി ആസ്വദിക്കാവുന്ന ഇടമാണിത്.

അമ്പലവയലിലെ ക്വാറികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് മഞ്ഞപ്പാറ. ദൂരെ പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്ന പാറക്കൂട്ടം. ചുറ്റും കരിങ്കല്ല് പൊട്ടിച്ചെടുത്ത പാറമടകള്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പാറകളിലൂടെ അളളിപ്പിടിച്ച് കയറാം. അല്ലാത്തവര്‍ക്ക് സുരക്ഷിതമായ വഴികളുണ്ട്. ഏതുപ്രായക്കാര്‍ക്കും അനായാസം കീഴടക്കാം, മഞ്ഞപ്പാറയുടെ ഉയരങ്ങളെ.

മലയുടെ താഴെവരെ വാഹനമെത്തും. കോടമഞ്ഞും നൂല്‍മഴയും പെയ്തിറങ്ങുന്ന മലമുകളിലേക്കുള്ള യാത്രയ്ക്ക് പത്തുമിനിറ്റുമതി. മുകളിലെത്തിയാല്‍ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ചുറ്റിലും. അങ്ങകലെ ജലസമൃദ്ധമായ കാരാപ്പുഴ അണക്കെട്ട്. കോടപുതച്ച് മണിക്കുന്നുമലയും അമ്പുകുത്തിമലയും. നേര്‍ത്ത തണുപ്പുസമ്മാനിച്ച് ഇളങ്കാറ്റ് വീശിയൊഴിയുമ്പോള്‍ അദ്ഭുതക്കാഴ്ചക്കളുടെ നെറുകയില്‍നില്‍ക്കുന്ന അനുഭൂതി. ചീങ്ങേരിമല, മണിക്കുന്ന് മല തുടങ്ങിയ സ്ഥലങ്ങള്‍ മഞ്ഞപ്പാറയില്‍ നിന്ന് കാണാം. വേനല്‍ക്കാലത്തും പച്ചപ്പോടെ നില്‍ക്കുന്ന കല്ലുമുള്‍ച്ചെടികള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും.

അമ്പലവയല്‍-വടുവന്‍ചാല്‍ പാതയില്‍ മഞ്ഞപ്പാറ ക്വാറിവളവില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഞ്ഞപ്പാറ മലയുടെ താഴ്വാരത്തെത്തും. പോകുന്നവഴിയിലെ കാഴ്ചകളും അതിമനോഹരമാണ്.

ആരും നിയന്ത്രിക്കാനോ വഴികാട്ടാനോ ഇല്ലാത്ത പ്രദേശത്തേക്കെത്തുമ്പോള്‍ കരുതലോടെവേണം ഓരോ ചുവടും. അപകടം പതിയിരിക്കുന്ന മലമുകളിലേക്കുള്ള യാത്ര ദുര്‍ഘടമല്ലെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കുട്ടികളുമായി വരുന്നവര്‍ യാത്രയിലുടനീളം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ക്വാറിവളവില്‍നിന്ന് യാത്രയാരംഭിച്ച് പകുതിപിന്നിട്ടാല്‍ റോഡിന്റെ വശങ്ങളില്‍ ക്വാറിക്കുളങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനംനിലച്ച ക്വാറികള്‍ വലിയ ജലാശയമാണിപ്പോള്‍. ഇവിടെ ഇറങ്ങുകയോ അശ്രദ്ധമായി യാത്രചെയ്യുകയോ ചെയ്താല്‍ അപകടത്തിനുള്ള സാധ്യതയുണ്ട്.