ശരീരത്തിലുണ്ടായിരുന്നത് പതിനേഴ് മുറിവുകള്‍, വെട്ടുകളേറെയും കഴുത്തിനും തലയ്ക്കും; താമരശ്ശേരിയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് റിപ്പോര്‍ട്ട്
താമരശ്ശേരി: അടിവാരം പൊട്ടിക്കൈയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കായിക്കല്‍ സുബൈദയെയാണ് ഇരുപത്തിയഞ്ചുകാരനായ മകന്‍ ആഷിഖ് കൊലപ്പെടുത്തിയത്. ആഴത്തിലുള്ള പതിനേഴ് മുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരേസ്ഥലത്തുതന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാകാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. കഴുത്തിനും തലയ്ക്കുമാണ് ഏറ്റവുമധികം വെട്ടേറ്റത്. മുറിവുകളേറെയും നല്ല ആഴത്തിലുള്ളതായിരുന്നു.
ഉപ്പ ഉപേക്ഷിച്ച സമയത്ത് ഒന്നര വയസ്സ് മാത്രമുള്ള ആഷിഖിനെ ഇത്രയും കാലം വളര്‍ത്തിയത് സുബൈദയായിരുന്നു. കൂലിവേല ചെയ്തും പാചകത്തൊഴില്‍ ചെയ്തുമെല്ലാമാണ് സുബൈദ ആഷിഖിനെ വളര്‍ത്തിയത്.
കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും കൊല നടന്ന വീട്ടിലെ തെളിവെടുപ്പിനുമായി പ്രതി മുഹമ്മദ് ആഷിഖിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ താമരശ്ശേരി ജെ.എഫ്.സി.എം കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
Summary: According to the police report, the murder of Umm’s son in Thamarassery was extremely brutal