കടയടച്ച് രാത്രി വീട്ടിലേക്ക് മടങ്ങിയ ബാലുശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ തള്ളി; രണ്ടുപേർ അറസ്റ്റിൽ


ബാലുശ്ശേരി: കക്കോടിയിൽ ഒരു സംഘം വാനിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി.
ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് ക്രൂരമായ മർദ്ധനത്തിന് ഇരയായത്. ഇന്നലെ രാത്രിയാണ് സംഭവം.

കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച്‌ കോഴിക്കോട് ഭാഗത്തേക്കു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ മഴ പെയ്തത്തോടെ ഇയാൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. അപ്പോഴാണ് ഒരു വാൻ വന്നു നിൽക്കുകയും ആളുകളിറങ്ങി ഹക്കീംമിനെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റുകയും ചെയ്തത്. തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം റോഡരികില്‍ തള്ളുകയായിരുന്നു.

അവശനിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റതിനാൽ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെതുകയും ചെയ്തു.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷമീര്‍, സാലിഹ് ജമീല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.