”സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത് സൗജന്യമായി ലഭ്യമാകേണ്ടതല്ലേ”; കൊയിലാണ്ടി മൃഗാശുപത്രിയില്‍ ആടിന് വാക്‌സിന്‍ നല്‍കാന്‍ സിറിഞ്ചും ഗ്ലൗസുംവരെ പുറത്തുനിന്ന് വാങ്ങിനല്‍കേണ്ടിവന്നെന്ന പരാതിയുമായി കീഴരിയൂര്‍ സ്വദേശി


കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ വാക്‌സിന്‍ ചെയ്യാന്‍ ആവശ്യമായ ഗ്ലൗസ്, സിറിഞ്ച് എന്നിവ പുറത്തുനിന്ന് വാങ്ങി നല്‍കേണ്ട സ്ഥിതിയെന്ന് ആരോപണം. തെരുവുനായയുടെ ആക്രമണത്തിന് ഇരയായ ആടുമായി ആശുപത്രിയില്‍ പോയ കീഴരിയൂര്‍ സ്വദേശിയാണ് വാക്‌സിന്‍ ചെയ്യാനാവശ്യമായ സിറിഞ്ചും, ഗ്ലൗസുമെല്ലാം പുറത്തുനിന്ന് വാങ്ങി നല്‍കേണ്ടിവന്നത്. വാക്‌സിന്‍ ഇത്തവണ മാത്രമേ ഇവിടെ നിന്ന് നല്‍കാന്‍ പറ്റൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി അദ്ദേഹം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നു:

ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:45ന് വീടിന്റെ അടുത്ത് കെട്ടിയ ആടിനെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ വന്ന് കഴുത്തിനും കാലിനുമായി കടിച്ചു വലിച്ചു. അലര്‍ച്ച കേട്ട് പറമ്പിലേക്ക് ഓടിയ ഞാന്‍ കണ്ടത് ചോരയില്‍ ഒലിച്ചു നില്‍ക്കുന്ന ആടിനെയാണ്. ഉടന്‍ തന്നെ കീഴരിയൂര്‍ മൃഗാശുപത്രിയില്‍ വിളിച്ചപ്പോള്‍ ഡോക്ടര്‍ പോയി എന്നും പേ വാക്‌സിന്‍ ലഭ്യമല്ല എന്നും പറയുകയുണ്ടായി. അവര്‍ തന്ന നമ്പറില്‍ ഒരു ഡോക്ടറെ ബന്ധപ്പെടുകയും നിര്‍ദ്ദേശാനുസരണം വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പേ വാക്‌സിനുവേണ്ടി കൊയിലാണ്ടി മൃഗാശുപത്രിയില്‍ കൊണ്ടുപോയിരുന്നു. 9 മണി കഴിഞ്ഞു. ഒരു വനിതാ ജീവനക്കാരി വന്നു. അവരോട് കാര്യം സൂചിപ്പിച്ചു. എന്നോട് അവര്‍ ചോദിച്ചു എവിടുന്നാണ് വരുന്നത് എന്ന്, ഞാന്‍ പറഞ്ഞു കീഴരിയൂരി നിന്നാണ്. അപ്പോള്‍ അവര്‍ പറഞ്ഞു ‘അവിടുത്തെ മൃഗാശുപത്രിയില്‍ വാക്‌സിന്‍ ഉണ്ടല്ലോ എന്ന്, ഞാനവരോട് പറഞ്ഞു അവിടെ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന്. 10 മിനിറ്റിനു ശേഷം ഒരു ജീവനക്കാരന്‍ കൂടി വന്നു. അയാള്‍ ഇന്നത്തേത് മാത്രം ഇവിടുന്ന് ചെയ്തുതരാം എന്നുപറഞ്ഞ് വാക്‌സിന്‍ ചെയ്തു. വാക്‌സിന്‍ ചെയ്യാന്‍ ആവശ്യമായ ഗ്ലൗസ്, സിറിഞ്ച് തുടങ്ങിയവ പുറത്തേക്ക് എഴുതി തന്നിരിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത് സൗജന്യമായി ലഭ്യമാകേണ്ടതല്ലേയെന്നാണ് ഇയാള്‍ ചോദിക്കുന്നത്. അതേസമയം, മൃഗാശുപത്രിയില്‍ ഗ്ലൗസും സിറിഞ്ചുമൊന്നും സ്‌റ്റോക്കില്ലെന്നും അതിനാലാണ് ഇവ പുറത്തുനിന്ന് വാങ്ങാന്‍ ആവശ്യപ്പെട്ടതെന്നാണ് ആശുപത്രിയില്‍ നിന്നും നല്‍കിയ വിശദീകരണമെന്ന് മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അടുത്ത തവണ കീഴരിയൂര്‍ മൃഗാശുപത്രിയില്‍ നിന്നും വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. ജില്ലാ കേന്ദ്രത്തില്‍ ആവശ്യത്തിന് വാക്സിനുണ്ടെന്നും കീഴരിയൂരില്‍ ഇത് എത്തിക്കാത്തതാണ് പ്രശ്നം. കൊയിലാണ്ടിയില്‍ നിന്നും വാക്‌സിന്‍ നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇന്ദിര ടീച്ചര്‍ വ്യക്തമാക്കി.