അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ യുവാവിനെ കാണാതായതായി പരാതി; നന്തി സ്വദേശിയെ ഗൂഡല്ലൂരിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച് കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: വിദേശത്തു നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ യുവാവിനെ കൊയിലാണ്ടി പോലീസ് കണ്ടെത്തി. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അബുദാബിയിലായിരുന്ന മുഹമ്മദ് ജൂലൈ പതിനഞ്ചാം തീയ്യതി ആണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എന്നാൽ അതിനു ശേഷം ഇയാൾ വീട്ടിലേക്കു പോയില്ല. തുടർന്ന് ഇന്നലെ വൈകിട്ട് മുഹമ്മദിന്റെ കുടുംബാംഗങ്ങൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊയിലാണ്ടി പോലീസ് വൈകാതെ തന്നെ ഇയാൾ ഗുഡല്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും ഉടനെ തന്നെ സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. യുവാവിനെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തിയ പോലീസ് ഇയാളെ ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ചു.

 

യുവാവിനെ കാണാതായെന്ന പരാതി കിട്ടിയത് മൂന്നാഴ്ചകൾക്ക് ശേഷം; ഒരു തെളിവുമില്ലാത്ത നിലയിൽ നിന്ന് നന്തി സ്വദേശിയെ പതിനാറ് മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊയിലാണ്ടി പൊലീസ് മികവ്

സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്നാണ് യുവാവ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.

ഡി.വൈ.എസ്.പി ഹരിപ്രസാദ് ആറിന്റെയും എസ്.പി കറുപ്പ സ്വാമിയുടെയും നിർദ്ദേശ പ്രകാരം സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, സി.പി.ഓമാരായ ബിനീഷ്, ഷിനു, സുരേഷ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ കണ്ടെത്തിയത്..