‘ഒറ്റയടിക്ക് ഉയര്‍ന്ന ലാഭം, ശരീരത്തിനുള്ളിലും സ്വര്‍ണ്ണം ഒളിപ്പിക്കാം’; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പ്രലോഭനങ്ങളില്‍ വീണ് യുവാക്കള്‍; പരിശോധന പ്രഹസനമോ? സ്വര്‍ണ്ണക്കടത്ത് തുടരുന്നു


പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് കാരിയര്‍മാരായി കാണാതായ കൂടുതല്‍പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നാദാപുരത്ത് രണ്ട് പേരെയാണ് ഇത്തരത്തില്‍ കാണാതായതായി പറയുന്നത്. വിദേശത്തുനിന്ന് എത്തിയ യുവാവാക്കളെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നതായും പറയുന്നു.

സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്.

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ജാതിയേരി സ്വദേശി റിജേഷിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്ന് കാട്ടി സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. അതേസമയം, റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് സഹോദരന്‍ രാജേഷ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ റിജേഷ് കഴിഞ്ഞദിവസം കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഈ കേസിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ.അജീഷ് അറിയിച്ചിരുന്നു.

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ നാദാപുരം സ്വദേശിയായ അനസാണ് കാണാതായ മറ്റൊരാള്‍. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്.

പേരാമ്പ്ര പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്. ഇര്‍ഷാദിന്റെ തിരോധാനത്തിന് ശേഷം വീട്ടുകാര്‍ക്ക് വന്ന ഭീഷണി സന്ദേശങ്ങള്‍ക്ക് സമാനമായാണ് കാണാതായ യുവാക്കളുടെ വീട്ടിലും നടന്നത്. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണോ എന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ വ്യക്തമാകൂ.

എന്താവാം ഇത്തരത്തില്‍ യുവാക്കളെ സ്വര്‍ണ്ണക്കടത്തു സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നത് പ്രസക്തമാണ്. സ്വര്‍ണ്ണം കടത്തി നാട്ടിലെത്തിച്ചാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്നതാണ് ജോലി അന്വേഷിച്ചെത്തുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഘത്തിന്റെ കെണിയില്‍ അകപ്പെടാന്‍ കാരണം. വിദേശരാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണമെത്തിച്ചാല്‍ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപ കയ്യില്‍കിട്ടുമെന്നാണ് പറയുന്നത്. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. അതിനാല്‍ ഏത് വിധേനയും കടത്താന്‍ കാരിയര്‍മാരും തയ്യാറാണ്. സ്വര്‍ണ്ണക്കടത്ത് കൊഴുക്കുന്നതിന് മുഖ്യകാരണവും ഇതാണ്. അതിനാല്‍ മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണമെന്ന മനോഭാവമാണ് സ്വര്‍ണ്ണകള്ളക്കടത്തുകാര്‍ക്ക്. ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയ രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയിലായിരുന്നു.

ഒരു കിലോയിലധികം സ്വര്‍ണ്ണ മിശ്രിതം ഗുളിക രൂപത്തില്ലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട്, വയനാട് സ്വദേശികള്‍ അടുത്തിടെ പിടിയിലായിരുന്നു. ഇരുവരില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോ ഇരുപത്തിയാറ് ഗ്രാം സ്വര്‍ണ്ണമാണ്. വിപണിയില്‍ ഒരുകോടിയിലേറെ രൂപയാണ് ഇതിന് വില.

രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താന്‍ കേരളം മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഏഴ് മാസം പിന്നിടുമ്പോള്‍ നാനൂറ്റി എഴുപത് കേസുകള്‍ പിടികൂടി കഴിഞ്ഞു. നികുതി വെട്ടിച്ച് വന്‍ ലാഭം കൊയ്യാമെന്നതാണ് സ്വര്‍ണ്ണക്കള്ളകടത്ത് കൂടാന്‍ പ്രധാന കാരണം. കേസുകള്‍ പലതും തെളിയിക്കപ്പെടാറുമില്ല. അതിനാല്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന കാര്യം പലപ്പോഴും പുറത്ത് വരാറില്ല. പിടികൂടിയാലും നികുതിയടച്ച് തടിതപ്പാമെന്ന സൗകര്യവും സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണമാണ്.