കോഴിക്കോട് കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍


കോഴിക്കോട്: രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍. യുവാക്കളെയും അതിഥിത്തൊഴിലാളികളെയും ലക്ഷ്യമിട്ടു ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാന ബജിത്പുര്‍ ജാകിര്‍ ഹുസേനെ(28)യാണ് പിടിയിലായത്.

രാവിലെ ഫാറുഖ് കോളജ് ഭാഗത്തേക്കു പോകുകയായിരുന്ന പൊലീസ് സംഘത്തെ കണ്ടയുടന്‍ പ്രതി പരിഭ്രമിച്ചു ഒളിഞ്ഞു മാറാന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചപ്പോഴാണ് സഞ്ചിയില്‍ നിന്നു കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളില്‍ നിന്നു കഞ്ചാവ് മൊത്തമായി വാങ്ങുന്നവരെ കുറിച്ചു അന്വേഷണം തുടങ്ങിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എസ്.ഐ.മാരായ എസ്.ആര്‍.വിനയന്‍, എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.