ഇടവേളകളില്ലാതെ ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം; സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്കായി മാനാഞ്ചിറ സ്‌ക്വയര്‍, വൈഫൈ കണക്ട് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം


കോഴിക്കോട് : സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്ക് എന്ന പദവി ഇനി കോഴിക്കോടിന്റെ സ്വന്തം മാനാഞ്ചിറ സ്ക്വയറിന്. വൈകുന്നേരങ്ങളിലും ഒഴിവുവേളകളിലും ഒറ്റക്കും കുടുംബമായും ഇവിടെ എത്തുന്നവര്‍ക്ക് ഇനി സൗജന്യ ഇന്റനെറ്റ് സേവനം കൂടി പ്രയോജനപ്പെടുത്താം. ശനിയാഴ്ച  എളമരം കരീം എം.പി. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരേസമയം 500 പേർക്കാണ് സ്വയറിലെ സൗജന്യ വൈഫൈ ഉപയോഗിക്കാനാവുക. എളമരം കരീം എം.പിയുടെ ആസ്തി വികസനഫണ്ടായ 35.89 ലക്ഷം രൂപ ഉപയോഗിച്ചാണ് മാനാഞ്ചിറയിൽ ബി.എസ്.എൻ.എൽ. പദ്ധതി നടപ്പാക്കിയത്. 13-ഓളം വൈ-ഫൈ ആക്സസ് പോയിന്റുകളില്‍ നിന്നായി ഒരുദിവസം ഒരുവ്യക്തിക്ക് ഒരു ജി.ബി.വരെ ഡേറ്റ വരെ ഉപയോഗിക്കാനാവും.

വൈ-ഫൈ എങ്ങനെ കണക്ട് ചെയ്യാം

മാനാഞ്ചിറ സ്ക്വയറിലെത്തുന്നവർ മൊബൈൽഫോണിലെ വൈ-ഫൈ ഒപ്ഷന്‍ ഓണ്‍ ചെയ്ത ശേഷം വൈ-ഫൈ സിഗ്നലുകളിൽനിന്ന് Mananchira Free WiFi എന്ന് കാണുന്നത് തിരഞ്ഞെടുക്കണം. അങ്ങിനെ തിരഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന വെബ്പേജിൽ ഉപഭോക്താവിന്റെ മൊബൈൽനമ്പർ നൽകണം. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന Get OTP എന്ന ലിങ്കിൽ അമർത്തുന്നതോടെ വൈഫൈ സേവനം ലഭ്യമായി തുടങ്ങും.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഒ.പി.ഷിജിന, ബി.എസ്.എൻ.എൽ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ്, ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ. ഗഫൂർ കെ.ടി, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, ഐ.എൻ.എൽ. ജില്ലാപ്രസിഡന്റ് സി.എച്ച്.ഹമീദ്, കൗൺസിലർ അനുരാധ തായാട്ട്, പൃഥ്വിരാജ്, ബി.എസ്.എൻ.എൽ. മാർക്കറ്റിങ് ഡെപ്യൂട്ടി ജനറൽ മാനേജർ സനൂപ് ടി. നായർ തുടങ്ങിയവര്‍ സംസാരിച്ചു.