കീഴൂര്‍ റോഡില്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു


പയ്യോളി: കീഴൂര്‍ റോഡില്‍ കോഴിപ്പുറത്ത് ലോറിക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മെറ്റലുമായി മലപ്പുറത്ത് നിന്നും വന്ന ടോറസ് ലോറി തിരിച്ചു പോവുന്നതിനിടെ മരത്തിന് തട്ടുകയും മരത്തിന്‌റെ കൊമ്പ് പൊട്ടി അതേ ലോറിക്ക് മുകളിലേക്ക് തന്നെ വീഴുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം കീഴൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നി രക്ഷാസേന എത്തി ചെയിന്‍സോ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി.പി, നിധിപ്രസാദ് ഇ.എം, ശ്രീരാഗ് എം.വി, ഷാജു, ഹോം ഗാർഡ് സുജിത്ത് എന്നിവർ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.