കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍, പാണ്ടിമേളവും കരിമരുന്ന് പ്രയോഗവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് കാളിയാട്ടം
കൊല്ലം: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തില്‍ ഇന്ന് കാളിയാട്ടം. അപൂര്‍വ്വമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിര്‍ഭരമായ ചടങ്ങ് കാഴ്ചകളാണ് അവസാന ദിനമായ ഇന്ന് ഉണ്ടാവുക.
വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം നടക്കം.
പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പ് കാളിയാട്ട ദിനത്തിലെ ഭക്തിനിര്‍ഭരമായ കാഴ്ചയാണ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങും. തുടര്‍ന്ന് ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കും.
കലാമണ്ഡലം ശിവദാസന്മാരാരുടെ നേതൃത്വത്തില്‍ പ്രശസ്ത വാദ്യകലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളയും ആസ്വാദകര്‍ക്ക് വിരുന്നാകും. പാണ്ടിമേളത്തിനുശേഷം ക്ഷേത്ര കിഴക്കേനടവഴി ഊരുചുറ്റല്‍ പൂര്‍ത്തിയാക്കി തിരിച്ച് പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനുശേഷം ക്ഷേത്രത്തിലെത്തി വാളകം കൂടും. രാത്രി 11.30ന് ശേഷം 12 മണിക്ക് ഉള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകും.