കലാരംഗത്ത് സജീവം, പഠനത്തിലും ഒരുപോലെ മിടുക്കി; കുസാറ്റ് അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്
താമരശ്ശേരി: കൊച്ചി കുസാറ്റിലെ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്. ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ഉണ്ടായ അപകടത്തില്‍ നാല് പേരായിരുന്നു ആദ്യം മരിച്ചത്. തുടര്‍ന്ന് ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും മരിച്ചവരെ തിരിച്ചറഞ്ഞുള്ള ന്യൂസുകള്‍ പുറത്ത് വന്നിരുന്നു.
പിന്നാലെ മരിച്ചവരില്‍ ഒരു പെണ്‍കുട്ടി വയലപ്പള്ളില്‍ സാറാ തോമസ്(20) ആണ് എന്ന വിവരം പുറത്ത് വന്നു. അപ്പോഴും താമരശ്ശേരി സ്വദേശിയെന്നതല്ലാതെ സ്ഥലപ്പേര് സംബന്ധിച്ച് കൃത്യമായ വിവരം താമരശ്ശേരി പഞ്ചായത്ത് അധികൃതര്‍ക്കോ ജനപ്രതിനിധികള്‍ക്കോ ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. പിന്നീടാണ് കോരങ്ങാട് തൂവ്വക്കുന്നുമ്മില്‍ വാടകയ്ക്ക് താമസിക്കുന്ന തോമസ് സ്‌കറിയുടെ മകള്‍ സാറയാണ് മരിച്ചതെന്ന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് വിവരമറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ സാറയുടെ വീട്ടിലെത്തി. എന്നാല്‍ ആ സമയത്ത് മുത്തശ്ശി ശോശാമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് കൊച്ചുമകളുടെ മരണവാര്‍ത്ത ആ നേരം വരെയും അവരെ ആരും അറിയിച്ചിരുന്നില്ല.
തിക്കിലും തിരക്കിലും പെട്ട് സാറ തോമസ് അവശനിലയിലാണെന്ന വിവരം കോളേജില്‍ ജോലി ചെയ്യുന്ന ബന്ധു ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് സാറയുടെ കുടുംബം അപകടത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തോമസ് സ്‌കറിയയും ഭാര്യ കൊച്ചു റാണിയും ഇളയമകള്‍ സാനിയയും കൂടി കാറില്‍ കോളേജിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
കുസാറ്റില്‍ അധ്യാപികയായി ജോലി ചെയ്യുന്ന തോമസ് സ്‌കറിയയുടെ സഹോദരിയുടെ മകന്റെ ഭാര്യയാണ് അപകട വവിരം വീട്ടില്‍ വിളിച്ചറിയിച്ചത്. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലായിരുന്നു സാറയുടെ പ്ലസ് ടു പഞനം. നേരത്തെ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് കോരങ്ങാട് ഭാഗത്തേക്ക് വീട് മാറിയത്.