വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്‍റ് ലൈറ്റ് ഹൗസ്‌ | ഭാഗം രണ്ട് | നിജീഷ് എം.ടി.


 

നിജീഷ് എം.ടി. 

ഈ ലേഖനത്തിന്‍റെ ആദ്യഭാഗമായ ‘അറബിക്കടലിനെ കാത്ത വെള്ളിയാംകല്ലിന്‍റെ കഥ’ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

1895 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്ലിയു.ജെ. പവല്‍ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ്റെ ലൈറ്റ് ഹൗസ് വിഭാഗം സൂപ്രണ്ടായ എക്സിക്യുട്ടീവ് എഞ്ചിനിയർ എഫ്.ഡബ്ലിയു.ആഷ്പിറ്റേലിനോട് വെള്ളിയാംകല്ല് സന്ദർശിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്.ഡബ്ലിയു.ആഷ്പിറ്റ് വെള്ളിയാംകല്ല് എന്ന കടൽപ്പാറ നേരിട്ട് സന്ദർശിക്കുകയും മേഖലയിലൂടെ കടന്നുപോകുന്ന കപ്പൽച്ചാലിലെ അപകട സാധ്യതകളുടെയും, അത് തടയാനാവശ്യമായ പരിഹാരമാർഗ്ഗമായി കടലിന് നടുവിലെ വെള്ളിയാംകല്ലിൽ തന്നെ ഒരു വിളക്കുമാടം നിർമ്മിക്കണമെന്ന തൻ്റെ പഠന നിഗമനങ്ങൾ, 1896ല്‍ മദ്രാസ് പ്രസിഡൻസി പോർട്ട് ഓഫീസർക്ക് കൈമാറുകയും ചെയ്തു.

“South of Mulki, the next danger to navigation is the Sacrifice rock, 40 feet high and deep water all
around. This rock is 4 1/2
miles from Cotta point and is on the direct track of steamers
from Bombay. An 18-mile flashing light, on the rock would guard this danger and be
useful as a landfall light for the Ports of Telicherry and Calicut, the existing lights at
these stations being relegated to the property as Port lights.”…

വെള്ളിയാംകല്ലിൽ ലൈറ്റ്ഹൗസ് വേണമെന്നായിരുന്നു ആഷ്പിറ്റിൻ്റെ പഠന റിപ്പോർട്ടിലെ നിഗമനമെങ്കിലും ഭീമമായ നിർമ്മാണച്ചെലവിൻ്റെയും പരിപാലനത്തിൻ്റെയും വാർത്താവിനിമയ സംവിധാനങ്ങളുടെയും പ്രശ്നങ്ങളുള്ളതിനാല്‍ അത് പ്രായോഗികമല്ല. മൺസൂൺ മാസങ്ങളിലെ കടൽക്ഷോഭങ്ങളെയും വെള്ളിയാം കല്ലില്‍ വിളക്കുമാടം ഉണ്ടാക്കുന്നതിന് തടസ്സമാണ്. അതുകൊണ്ട് മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായ ഡബ്ലിയു.ജെ പവൽ കടൽത്തീരത്തെ കോട്ട പോയിൻ്റ് @ കടലൂർ ഓടോക്കുന്നിൽ ഒരു വിളക്കുമാടം ആവാം എന്ന തൻ്റെ സ്വന്തം അഭിപ്രായംകൂടി ആ പഠന റിപ്പോർട്ടിന്മേൽ ഫോർട്ട് ഓഫീസർ എന്ന നിലയിലുള്ള തൻ്റെ അധികാരവും കൂടി ഉപയോഗപ്പെടുത്തി എഴുതുകയും ആ പഠന റിപ്പോർട്ട് മടക്കുകയും ചെയ്തു.

…Class of light is approved, but the proposal to establish it on the rock
itself, I do not support for the following reasons:- No communication at least 4 months
in the year; great expense in the construction, keepers will have to be provisioned;
difficulties and expense for inspection greatly increased involving hire of a steamer on
the upkeep of a boat on the mainland. The danger can be effectively guarded by a light
on the mainland…………On Cotta point is the position I propose for the light.

Also Read: പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു


വിളക്കുമാടവുമായി ബന്ധപ്പെട്ട ഫയലിലെ മദ്രാസ് പ്രസിഡൻസി പോർട്ട് ഓഫീസറുടെ വിയോജനക്കുറിപ്പിനെ മറികടക്കാൻ സമർത്ഥനായ ആഷ്പിറ്റ് എന്ന എഞ്ചിനീയർ സിസിലി എന്ന രാജ്യത്തിലെ അത്ലൻ്റിക്ക് സമുദ്രത്തിൻ്റെ എല്ലാ രൗദ്രഭാവത്തെയും അതിജീവിച്ച് കടൽയാനങ്ങൾക്ക് വെളിച്ചമേകിയ ബിഷപ്പ് റോക്കിലെ വിളക്കുമാടത്തിൻ്റെയും മറ്റും അനുഭവപാഠം വിശദീകരിച്ചു കൊണ്ട് വെള്ളിയാംകല്ലിൽത്തന്നെ വിളക്കുമാടം വേണമെന്ന തൻ്റെ വാദഗതിയിൽ ഉറച്ചു നിന്നുകൊണ്ട് 94,400/- രൂപചെലവു പ്രതീക്ഷിക്കുന്ന ഒരു വിശദമായ എസ്റ്റിമേറ്റ് 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1901 ഓഗസ്റ്റ് 30 ന്
ഡബ്ല്യു. ജെ. പവലിന് ശേഷം പ്രസിഡൻസി പോർട്ട് ഓഫീസറായി ചുമതലയേറ്റ കമാൻഡർ എച്ച്.എ.സ്ട്രീറ്റിന് സമർപ്പിക്കുകയും പ്രസിഡൻസി പേർട്ട് ഓഫീസർ 1901 സെപ്തംബർ 4ന് പ്രസ്തുത ഫയൽ ഗവൺമെൻ്റിന് കൈമാറുകയും ചെയ്തു.

ആഷ്പിറ്റ് വെളളിയാംകല്ലിലെ വിളക്കുമാടം തൻ്റെ സ്വപ്ന പദ്ധതിയായിക്കണ്ടുകൊണ്ട് തന്നെ വിശദമായ ഡിസൈൻ തയ്യാറാക്കിയിരുന്നതായാണ് ചില രേഖകൾ സൂചിപ്പിക്കുന്നത്. ബോട്ട്ലാൻഡിംഗിന് വേണ്ടി പാറയുടെ ഒരു ഭാഗത്ത് ബോട്ട് ജെട്ടിയും സ്ഥിരമായി ഒരു സ്റ്റീം ബോട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കടൽവെള്ള സംഭരണിയും, കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും പാറ തുരന്ന് ഉണ്ടാക്കാനും വിളക്കുമാടത്തിൻ്റെ ഉള്ളിൽ തന്നെ സ്റ്റാഫ് അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും അടുക്കള, ഭക്ഷണമുറി, ശൗചാലയമടക്കം ഉപയോഗിക്കേണ്ട ഓഫീസ് ഫർണിച്ചറുകൾ എന്നീ സർവ്വമാന സാധനങ്ങളെയും പ്രതിപാദിക്കുന്ന എസ്റ്റിമേറ്റായിരുന്നത്രേ അത്.

കടലൂര്‍ ലൈറ്റ് ഹൌസ്

കടലൂര്‍ ലൈറ്റ് ഹൌസ്

1906 നവംബർ 14 ഗവൺമെന്റ് സെക്രട്ടറി എഫ്. ജെ. വിൽസൺ,
പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ സ്മിത്തിൻ്റെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി രംഗത്തിലുള്ള പ്രാവീണ്യം കണക്കിലെടുത്ത് നിയമിക്കുകയും ചെയ്തു.1907 ഫെബ്രുവരി 1 ന് ചുമതല ഏറ്റെടുത്ത ക്യാപ്റ്റൻ സ്മിത്ത് സമയം പാഴാക്കാതെ വിളക്കുമാട ഗോപുരത്തിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്താൽ നിർമ്മാണത്തൊഴിലാളികളുമായി വെള്ളിയാംകല്ലിലെത്തി.

അപ്പോഴാണ് കരയിൽ നിന്നും കടലിന് നടുവിലെ വെള്ളിയാംകല്ലിലേക്ക് നിർമ്മാണ സാമഗ്രികളുടെ കടൽമാർഗ്ഗമുള്ള നീക്കുപോക്കിനാവശ്യമായ സ്റ്റീംബോട്ടിനുള്ള ചിലവ് മൊത്തം എസ്റ്റിമേറ്റ് തുകയായ 94,400/- രൂപയിൽ വകയിരുത്തിയിട്ടല്ലായെന്ന് തിരിച്ചറിയുന്നത്. സ്റ്റീം ബോട്ടിനും പിന്നെ സ്മിത്ത് മനസ്സിലാക്കിയ മറ്റ് നിർമ്മാണ ആവശ്യങ്ങൾക്കുമായി മെത്തം എസ്റ്റിമേറ്റ് തുകയായി 1,71,400/- രൂപ ഗവൺമെൻ്റ് പുതുക്കി നിശ്ചയിച്ചു നൽകുകയുണ്ടായിയെങ്കിലും ഏറ്റവും പ്രായോഗികമായതും എളുപ്പത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുമെന്ന നിലയിലും കോട്ട പോയിൻ്റീൽ വിളക്കുമാടം നിർമ്മിക്കുന്നതാണ് ബുദ്ധിയെന്ന് സ്മിത്ത് മദ്രാസ് ഗവൺമൻ്റിന് റിപ്പോർട്ട് നൽകി.


Also Read: മുനമ്പത്തെപ്പള്ളിയെന്ന കടലൂര്‍ ജുമാ മസ്ജിദിന്റെ കഥ; പള്ളി മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകള്‍ കടലില്‍ വെളിച്ചം വിതറിയ നന്തിയുടെ ഇന്നലകളുടെ ഓര്‍മകളും


തുടർന്നാണ് സർക്കാരിന്റെ 21/05/1907 ലെ ഉത്തരവ് നമ്പർ 216 A(മറൈൻ) പ്രകാരം കോട്ട പോയ്ൻ്റ് വിളക്കുമാടം കുറുമ്പ്രനാട് താലൂക്കിലെ വന്മുകം അംശം കടലൂർ ദേശത്തിലെ ഓടോക്കുന്നിൽ നിർമ്മിക്കാൻ മദ്രാസ് ഗവൺമെൻ്റ് അന്തിമ തീരുമാനമെടുത്തത്.

ഓടോക്കുന്നിലെ വിളക്കുമാടം നിർമ്മിക്കുന്നതിന് ആവശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050/- രൂപ നൽകി ഏറ്റെടുക്കാനും മെയിൻ റോഡിൽ നിന്ന് അപ്രോച്ച് റോഡ് നിർമ്മിക്കാനായി 1.97 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനും ലൈറ്റ് ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു ചിലവുകള്‍ക്കുമായി പുതുക്കിയ എസ്റ്റിമേറ്റ് ഗവൺമെണ്ട് ഉത്തരവ് No.1262A ആയി 22/11/1907 ന് പുറപ്പെടുവിക്കുകയുണ്ടായി.

പുതുക്കിയ രൂപകൽപ്പന പ്രകാരം ഓടോക്കുന്നിലെ വിളക്കുമാടത്തിൻ്റെ നിർമ്മാണത്തിന് കോൺക്രീറ്റ് ബ്ലോക്കുകൾക്ക് പകരം വയർക്കട്ട് ഇഷ്ടികകൾ നിർമ്മാണത്തിന് ഉപയോഗിച്ചതിന് പുറമെ പ്രാദേശികമായ ചില ചേരുവകളും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

34 മീറ്ററാണ് വിളക്കുമാടത്തിന്റെ ഉയരം. വൃത്താകൃതിയാണ് സ്തംഭത്തിനുള്ളത്. പൂർണമായും കരിങ്കല്ലിലാണ് നിർമാണം. ഇടവിട്ട കറുപ്പും വെളുപ്പും വരകളായാണ് നിറം കൊടുത്തിരിക്കുന്നത്. ഒരു ഫ്‌ളാഷ് ലൈറ്റ് അഞ്ച് സെക്കൻഡ് നീണ്ടുനിൽക്കുന്നതുകൊണ്ട് തന്നെ കടലിലുള്ളവർക്ക് 40 നോട്ടിക്കൽമൈൽ അകലെനിന്ന് പോലും ഈ പ്രദേശത്തെ തിരിച്ചറിയാൻ കഴിയും.

ലൈറ്റ് ഹൌസിലെ ഗോവണി

ലൈറ്റ് ഹൌസിലെ ഗോവണി

വെള്ളിയാംകല്ലിലെ അവസാന കപ്പൽ അപകടം

ഓടോക്കുന്നിൽ നിർദിഷ്ട വിളക്കു മടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെ 1909 ജനുവരി 30 ബേപ്പൂരിൽ നിന്നും നിറയെ മരങ്ങളും, മുളകളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് ചരക്കു കപ്പൽ വെള്ളിയാങ്കൽ മേഖലയിലെ പാറയിൽ തട്ടിത്തകർന്ന് കടലിൽ മുങ്ങി. ക്യാപ്റ്റനടക്കുള്ള നാവികരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഈ സംഭവസമയത്ത് കോട്ട പോയിൻ്റ് വിളക്കുമാടം അതിൻ്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.

വിളക്കുമാടം നിൽക്കുന്ന സ്ഥലത്ത് തന്നെ ലൈറ്റ് കീപ്പർമാർക്കായി മൂന്ന് പ്രത്യേക ഫാമിലി ക്വാർട്ടേഴ്സുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1909 ഒക്ടോബർ 20 ന് ഓടോക്കുന്നിലെ വിളക്കുമാടം പ്രസിഡൻസി പോർട്ട് ഓഫീസർ കമാൻഡർ ഡബ്ല്യു. മിച്ചൽ കമ്മീഷൻ ചെയ്തു.

Commander W. Mitchell, the Presidency Port Officer himself was present at
lighthouse during its commissioning and reported from Calicut on 22nd October 1909 to
the Chief Secretary, that; “I have the honor to confirm my wire of 21st from Tikkoti to the
effect that Kotta point light was duly exhibited on the evening on the 20th as per Notice to
Mariners No. 32 dated 13th September 1909. It was first shown with the ordinary oil
burner and then changed to the Incandescent, and I can only describe the increased
brilliancy (70,000 candle power to 200,000) as marvelous……… ..I myself went out on
the beach at Calicut about midnight and it was then showing beautifully, a distance of
about 20 miles.”

ഒരു ഹെഡ് ലൈറ്റ് കീപ്പർ, രണ്ട് അസിസ്റ്റന്റ് ലൈറ്റ് കീപ്പർമാർ എന്നിവരെ ലൈറ്റ് ഹൗസ് കമ്മീഷനിംഗിന് ഒരാഴ്ച മുൻപ് തന്നെ നിയമിക്കപ്പെട്ടിരുന്നു. ജോസഫ് എന്ന വ്യക്തിയായിരുന്നു ആദ്യ ഹെഡ് ലൈറ്റ് കീപ്പറെന്നും അദ്ദേഹത്തിൻ്റെ പ്രതിമാസ ശമ്പളം 60 രൂപയാണെന്നുമാണ് രേഖകൾ പറയുന്നത് കൂടാതെ രണ്ട് ലാസ്ക്കർമാർ,
ഒരു സ്കാവഞ്ചർ എന്നിവരുടെ തസ്തിക യഥാക്രമം 8,5 രൂപ വീതമുള്ള പ്രതിമാസ ശമ്പളത്തിലും ബ്രിട്ടിഷ് മദ്രാസ് സർക്കാർ അനുവദിക്കപ്പെട്ടിരുന്നു.

ഗണപതികണ്ടി കോരനും കുടുംബവും

1907 ഫിബ്രുവരിയിൽ കടലൂർ ഓടോക്കുന്നിൽ കോട്ട പോയിന്റ് വിളക്കുമാടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ക്യാപ്റ്റൻ സ്മിത്ത് ഏറ്റെടുത്തപ്പോൾ
നാട്ടുകാരിൽ നിന്നും ആരോഗ്യവും പ്രതികൂല സാഹചര്യങ്ങളിൽ ദീർഘനേരം കഠിനാധ്വാനം ചെയ്യാൻ ശേഷിയുമുള്ള വിദഗ്ധരും അവിദഗ്ദ്ധരുമായ ഒരു കൂട്ടം തൊഴിലാളികളെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണപതികണ്ടി കോരൻ ഇങ്ങനെ ആദ്യ ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു.

വെള്ളിയാംകല്ലിൽ തുടങ്ങിയ ബന്ധമായിരുന്നു സ്മിത്തിന് കോരനുമായി. വെള്ളിയാങ്കല്ലിൽ നിന്നും ഓടോക്കുന്നിലേക്ക് പദ്ധതി പ്രദേശം മാറ്റിയപ്പോഴേക്കും കോരൻ്റെ ധൈര്യവും തൻ്റേടവും ആത്മാർത്ഥമായ കഠിനാദ്ധ്വന സ്വഭാവവും സ്മിത്തിൽ മതിപ്പുളവാക്കിയിരുന്നു. വിളക്കുമാടം കമ്മീഷൻ ചെയ്തപ്പോൾ അദ്ദേഹം കോരനെ ലാസ്കറായി
വിളക്കുമാടത്തിൽ നിയമിച്ചു. 1951ൽ ഗണപതികണ്ടി കോരൻ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾ ആ ഒഴിവിലേക്ക് അദ്ദേഹത്തിൻ്റെ മകൻ കണാരനെ നിയമിക്കുകയും ചെയ്തു. 30 വർഷത്തെ സേവനത്തിന് ശേഷം 1981ൽ കണാരൻ വിരമിച്ചതിന് ശേഷം ഭരണപരമായ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതിന് ശേഷം കുടുംബ പാരമ്പര്യമെന്നോണം അദ്ദേഹത്തിൻ്റെ മകൻ ഗോവിന്ദൻ 1984 ൽ അസിസ്റ്റൻ്റ് ലൈറ്റ് കീപ്പർ തസ്തികയിൽ കടലൂർ പോയിൻ്റ് വിളക്കുമാടത്തിൽ നിയമിതനായി.

കാലമേൽപ്പിച്ച നിയോഗമെന്നോണം കടലൂർ പോയിൻ്റ് വിളക്കുമാടത്തിൻ്റെ ശതാബ്ദി (നൂറാം വാർഷികം ) 2009 ഒക്ടോബർ 20 ന് വിളക്കുമാടത്തിൽ പൊതുജനങ്ങളുടെ ഒത്തുചേരലിൽ ആഘോഷിക്കപ്പെട്ടപ്പോൾ അത് ഓടോക്കുന്നിലെ ഗണപതികണ്ടി കോരൻ്റെ കുടുംബവും ചരിത്രത്തോടെപ്പം നടന്ന 100 വർഷത്തെ നാൾവഴികളുടെയും ആഘോഷമായി മാറി. കാരണം ഗണപതികണ്ടി കോരൻ്റെ മകൻ കണാരന്റെ മകൻ ഗോവിന്ദനായിരുന്നു കടലൂർ പോയിൻ്റ് വിളക്കുമാടത്തിലെ ആക്ടിംഗ് ഹെഡ് ലൈറ്റ് കീപ്പർ.

വിളക്കുമാടത്തിൻ്റെ അസ്ഥിവാരമിടുന്ന പ്രവർത്തനങ്ങൾ ചെയ്ത പിതാമഹൻ ഗണപതികണ്ടി കോരൻ മുതൽ പൗത്രൻ ഗണപതി കണ്ടി ഗോവിന്ദൻ വരെയുള്ള സമാനതകളില്ലാത്ത സേവന പാരമ്പര്യം ഓടോക്കുന്നിലെ ഗണപതികണ്ടി കുടുംബത്തിനും വിളക്കുമാടത്തിനും സ്വന്തം.

കടലൂർ പോയൻ്റ് വിളക്കുമാടം പ്രവർത്തനമാരംഭിച്ച ശേഷം ഒരു തരത്തിലുള്ള കപ്പൽ അപകടവും നിർദ്ദിഷ്ട മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നുളളതിൻ്റെ ക്രഡിറ്റ് ഈ വിളക്കുമാടത്തിൻ്റെ പ്രവർത്തനമികവിനുള്ള തെളിവായാണ് കാണേണ്ടത്.

ബ്രിട്ടിഷ് നിർമ്മാണ വൈഭവത്തിൻ്റെയും ഒപ്പം അറിയപ്പെടാത്ത ഒട്ടനവധി സാധാരണ മനുഷ്യരുടെയും കഠിനാദ്ധ്വാനത്തിൻ്റെ പ്രതീകമായി എന്നും നിലനിൽക്കട്ടെ. കടൽക്കയങ്ങൾ തീർത്ത കപ്പൽച്ചാലുകളിലെ അനേകം നിശാചരണികളായ നൗകകൾക്ക് വഴിവിളക്കാവാൻ ഓടോക്കുന്നിലെ കടലൂർ പോയിൻ്റ് വിളക്ക്മാടത്തിന് കഴിയട്ടെ.

വെള്ളിയാംകല്ലിൽ ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാരുടെ ഓർമ്മത്തിരകൾ അലയടിച്ചു കൊണ്ടിരിക്കട്ടെ.

ഈ ലേഖനത്തിന് ആധാരമായത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ
ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആന്റ് ലൈറ്റ്ഷിപ്പ്സ് ഡിപ്പാർട്ടുമെൻ്റിലെ ഉദ്യോഗസ്ഥനായ ഐ.സി.ആർ.പ്രസാദിന്റെ ഒരു ലേഖനത്തിൻ്റെ വായനയാണ്.


നിജീഷ് എം.ടി. എഴുതിയ ഈ കുറിപ്പിനോടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…