ഇരുമുന്നണികള്‍ക്കും ഒരേ മുന്‍തൂക്കം, ചെറുവണ്ണൂര്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതാവും പതിനഞ്ചാംവാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തിലെ സി.പി.എം-സി.പി.ഐ ഭിന്നത എല്‍.ഡി.എഫിന് തിരിച്ചടിയാകുമോയെന്ന് ആശങ്ക


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ വിയോഗത്തോടെ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഭരണ സമിതിയിലെ കക്ഷി നില ഇരു മുന്നണികള്‍ക്കും തുല്യമായതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകമാണ്.

ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ച് മുന്‍തൂക്കം അവകാശപ്പെടാനില്ലാത്ത വാര്‍ഡാണ് പതിനഞ്ചാം വാര്‍ഡ്. പതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ ഇ.ടി.രാധയ്ക്ക് ഉണ്ടായിരുന്നത്. ഇ.ടി.രാധയുടെ ജനകീയത മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ശ്രീലേഖ പയ്യത്തില്‍ നിന്നും വാര്‍ഡ് പിടിച്ചെടുക്കാന്‍ സി.പി.ഐയെ ഏറെ സഹായിച്ചു.

2010 ലെ തെരഞ്ഞെടുപ്പില്‍ ശ്രീലേഖ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതായിരുന്നു. ഇടത് സഹയാത്രികയായിരുന്ന ഇവര്‍ മുസ്ലിം ലീഗ് സ്വതന്ത്രയായാണ് മത്സരിച്ച് വിജയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരം അവര്‍ 2014-15 ല്‍ പ്രസിഡന്റാവുകയും ചെയ്തു. എന്നാല്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടിയ ശ്രീലേഖയെ 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ കെ.കുഞ്ഞികൃഷ്ണന്‍ പരാജയപ്പെടുത്തി. 2020 ല്‍ മുസ്ലിം ലീഗ് ഇവര്‍ക്ക് മൂന്നാമതും അവസരം നല്‍കിയപ്പോള്‍ രാധയോട് 11 വോട്ടിനും കീഴടങ്ങുകയായിരുന്നു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്തണമെങ്കില്‍ എല്‍.ഡി.എഫിന് ഈ ഈ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചേ തീരൂ. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഇടയില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്ത് കൂടിയായതിനാല്‍.

എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദം സി.പി.ഐക്ക് നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മാറ്റുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തു. ഇതിനു പുറമേ പന്നിമുക്ക്- ആവള റോഡ് പ്രവൃത്തി നീണ്ടുപോയ സാഹചര്യത്തില്‍ സി.പി.ഐ പ്രത്യക്ഷസമരവുമായി രംഗത്തുവന്നത് സി.പി.എമ്മില്‍ അതൃപ്തിയ്ക്ക് ഇടയാക്കുകയും കയ്യാങ്കളിവരെ എത്തുകയും ചെയ്തിരുന്നു.

ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐയും എല്‍.ജെ.ഡിയും സി.പി.എമ്മിനെതിരെ നോമിനേഷന്‍ കൊടുത്തതും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഭിന്നത വെളിവാക്കുന്നതായിരുന്നു. നിലവിലുണ്ടായിരുന്ന സീറ്റ് പോലും സി.പി.ഐക്ക് നല്‍കിയില്ല. ഇപ്പോള്‍ ബാങ്കില്‍ മുഴുവന്‍ സീറ്റും സി.പി.എമ്മിനാണ്. ഈ സാഹചര്യത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിക്ക് വേണ്ടി സി.പി.എം അണികള്‍ പൂര്‍ണമായും രംഗത്തിറങ്ങുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്.

സി.പി.ഐ വനിതാ നേതാവിന്റെ പരാതിയില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഒന്‍പതാം വാര്‍ഡ് മെമ്പറുമായ കെ.പി.ബിജുവിനെതിരെ സി.പി.എം അച്ചടക്ക നടപടിയെടുത്തതും പ്രതിപക്ഷം പ്രചാരണ വിഷയമാക്കും.

സി.പി.ഐക്ക് സ്ഥാനാര്‍ഥിയായി എസ്.സി വനിതയെ കണ്ടെത്തേണ്ടതുണ്ട്. സീറ്റ് ജനറല്‍ വനിതയാണെങ്കിലും എസ്.സി വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചാല്‍ മാത്രമാണ് പ്രസിഡന്റ് പദം സി.പി.ഐക്ക് ലഭിക്കുകയുള്ളൂ.

വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയമെല്ലാം കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ജയമെളുപ്പമല്ല. സീറ്റ് മുസ്ലിം ലീഗിനാണെങ്കിലും മൂന്ന് തവണയും ലീഗ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സ്വതന്ത്രനെയാണ് പരീക്ഷിച്ചത്. ഇത്തവണയും സ്വതന്ത്രനെ പരീക്ഷിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്. ഈ വാര്‍ഡില്‍ ജയിക്കുന്നവര്‍ക്ക് പ്രസിഡന്റ് പദം കിട്ടുമെന്നതിനാല്‍ ഇരുമുന്നണികള്‍ കേവലമൊരു വാര്‍ഡ് തെരഞ്ഞെടുപ്പ് എന്നതിനപ്പുറമാണ് ഈ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.