അമിത വേഗത, അശ്രദ്ധ, പേരാമ്പ്ര ബസ്റ്റാന്റിൽ അപകടം; ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ബസ് കാലില്‍ കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. ബസ്സിന്റെ മുന്‍ചക്രമാണ് വയോധികന്റെ കാലില്‍ കയറിയത്. കാല്പാദം ചതഞ്ഞരഞ്ഞ നിലയില്‍ വയോധികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവനാണ് ഗുരുതരമായി പരിക്കേറ്റത്. എഴുപത്തിയഞ്ച് വയസുള്ള ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പേരാമ്പ്രയില്‍ നിന്ന് കൂട്ടാലിട വഴി ബാലുശ്ശേരിക്ക് പോകുകയായിരുന്ന പ്രണവം ബസ്സാണ് അപകടമുണ്ടാക്കിയത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. ബസ്സുകളുടെ അമിതവേഗത്തെ കുറിച്ച് യാത്രക്കാരില്‍ നിന്ന് നിരന്തരം പരാതി ഉയരുന്നുണ്ട്.