മദ്യം വാങ്ങുന്നവരാണോ? ബില്ല് കൈവശമില്ലാതെ മദ്യം കൊണ്ടുപോകുന്നത് കുറ്റകരമാണോ? നിയമങ്ങള്‍ ഇങ്ങനെ
കോവളത്ത് വിദേശിയെ അപമാനിച്ചസംഭവത്തെത്തുടര്‍ന്ന് പല സംശയങ്ങളും ഉയരുന്നുണ്ട്. ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൊണ്ടുപോകാം, അതിതിന് ബില്ല് ആവശ്യമാണോ? കേസെടുക്കുന്ന സാഹചര്യങ്ങള്‍ എപ്പോഴൊക്കെയാണ് തുടങ്ങിയ സംശയങ്ങളാണ് ഇതില്‍ പ്രധാനം. പ്രധാന നിയമവശങ്ങളെപ്പറ്റി വ്യക്തമാക്കുകയാണ് എക്സൈസ് സി.ഐ അനില്‍ കുമാര്‍
*ബില്ല് ആവശ്യമില്ല
മദ്യം കൊണ്ടുപോകാന്‍ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കില്‍ കേസെടുക്കാനാകില്ല. മദ്യക്കുപ്പിയില്‍ കൃത്യമായി വിവരങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഓരോ വ്യക്തിയും വ്യത്യസ്തമാകുന്നതുപോലെ ഓരോ മദ്യക്കുപ്പിയും വ്യത്യസ്തമാണ്. അതുകൊണ്ട് ബില്ല് വേണമെന്ന് നിയമങ്ങളില്‍ പ്രത്യേക നിഷ്കര്‍ഷയില്ല. കോവളത്തെ സംഭവത്തില്‍ അതുകൊണ്ട് ബില്ലില്ല എന്ന പേരില്‍ കേസെടുക്കാന്‍ വകുപ്പില്ല.
*എത്ര മദ്യം കൊണ്ടുപോകാം
വിദേശമദ്യം മൂന്ന് ലിറ്ററും കള്ള് ഒരു ലിറ്ററും ബിയര്‍ മൂന്നരലിറ്ററുമാണ് ഒരാള്‍ക്ക് കൊണ്ടുപോകാവുന്നത്. മൂന്നരലിറ്റര്‍ വരെ വൈനുമായും യാത്രചെയ്യാവുന്നതാണ്. പാര്‍ട്ടികളും മറ്റും നടത്തുമ്പോള്‍ വണ്‍ ഡേ പെര്‍മിറ്റ് എടുത്താല്‍ കൂടുതല്‍ മദ്യം കൊണ്ടുപോകാം. പക്ഷേ അതിനു പെര്‍മിറ്റ് ഫീസായി 1500 രൂപയും 50,000 രൂപ അല്ലാതെയും അടക്കണം.
ജിഎസ്ടിയും ടാക്സുമുള്‍പ്പെടെ മദ്യത്തിന്റെ വിലയ്ക്കു പുറമെയാണ് ഈ തുക. എത്ര ലിറ്റര്‍ മദ്യം കൊണ്ടു പോകാമെന്നത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ആളിന്റെ എണ്ണത്തിനനുസരിച്ചാണ് കണക്കാക്കുക. ഇത് കൃത്യമായി പരിശോധിച്ച ശേഷമാകും വിളമ്പുക. ഇത് അബ്കാരി നിയമപരിധിയിലാണ് വരിക.
*കുപ്പിയില്‍ സ്റ്റിക്കര്‍ നിര്‍ബന്ധം
മദ്യക്കുപ്പിയില്‍ സുരക്ഷാ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അതിന്റെ വിവരങ്ങള്‍ തിരിച്ചറിയാനാകില്ല. മദ്യക്കുപ്പികളില്‍ സാധാരണ രണ്ട് തരത്തിലുള്ള സ്റ്റിക്കറുകളാണ് ഉണ്ടാവുക. മദ്യക്കമ്പനിയുടെ ലേബലും സുരക്ഷാ സ്റ്റിക്കറും.
ലേബലില്‍ നിന്ന് ഏത് തരം മദ്യമാണെന്നും അത് നിര്‍മ്മിച്ചത് ആരാണെന്നും അളവ് എത്രയാണെന്നും രേഖപ്പടുത്തിയിരിക്കും. സുരക്ഷാ സ്റ്റിക്കര്‍ മദ്യക്കുപ്പിയുടെ അടപ്പിന്റെ മുകളിലാണ് ഉണ്ടാവുക. ഇതില്‍ ഹോളോഗ്രാം മുദ്രയും നിര്‍ബന്ധമാണ്. ഈ രണ്ട് സ്റ്റിക്കറുകളും നിര്‍ബന്ധമാണ്. സ്റ്റിക്കറില്ലെങ്കില്‍ പിടിവീഴാനുള്ള കാരണണമാകും.
*ബാറുകളില്‍ നിന്ന് കുപ്പി വാങ്ങരുത്
ബാറുകളില്‍ നിന്ന് മദ്യക്കുപ്പി വാങ്ങുന്നതായിശ്രദ്ധയില്പ്പെട്ടാല് ബാറിനെതിരെയും വ്യക്തിക്കെതിരേയും കേസെടുക്കാം. ബാറുകള്‍ക്ക് മദ്യം വിളമ്പാനുള്ള അധികാരമേ ഉള്ളു. പാഴ്സല്‍ നല്കാന് അധികാരമില്ല.
കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തില്‍ വളരെ കുറച്ചു നാളത്തേക്ക് ഇത് അനുവദിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബാറുകള്‍ തുറന്നതോടെ ഇത് നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനി ബാറില്‍ നിന്ന് മദ്യക്കുപ്പി വാങ്ങിയാല്‍ കുറ്റകരമാണ്.
*മിലിറ്ററി ക്വോട്ട സൂക്ഷിക്കുക
മിലിറ്ററി ക്വാട്ടയായി ലഭിക്കുന്ന മദ്യം അത് അനുവദിച്ച വ്യക്തിക്ക് മാത്രമാണ് കൊണ്ടുനടക്കാന്‍ അനുവാദമുള്ളത്. അല്ലാത്തവരുടെ കയ്യില്‍ നിന്ന് ഇത് പിടിച്ചാല്‍ വ്യാജമദ്യമായാണ് കണക്കാക്കുക. ബന്ധപ്പെട്ട വ്യക്തിയല്ലാത്തവര്‍ മിലിറ്ററി ക്വാട്ടയുമായി സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കുക. പിടിവീഴാം. മിലിറ്ററി അധികാരികള്‍ അനുവദിച്ച ക്വാട്ട മാത്രമാണ് ഇവര്‍ക്ക് ഇപ്രകാരം കൊണ്ടുപോകാന്‍ അനുവാദമുള്ളത്. അതില്‍ക്കൂടുതല്‍ ഉണ്ടെങ്കില്‍ അതും നിയമ വിരുദ്ധമാണ്.
*വീടുകളിലെ വീഞ്ഞും പ്രശ്നക്കാരന്‍ തന്നെ
ആഘോഷ സമയങ്ങളിലോ മറ്റ് അവസരങ്ങളിലോ വീടുകളില്‍ വൈന്‍ നിര്‍മ്മിക്കാറുണ്ട്. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഒരു ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള വൈന്‍ പോലും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
*മാഹിയില്‍ നിന്നെത്തുന്നതും കേരളത്തില്‍ വ്യാജന്
മാഹിയില്‍ നിന്ന് വാങ്ങി മറ്റിടങ്ങളിലേക്ക് കൊണ്ടു പോയാലും അത് വ്യാജ മദ്യമായാണ് കണക്കാക്കുക. മാഹിയിലെ മദ്യം അവിടെമാത്രമാണ് നിയമ വിധേയം. കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ വച്ച് മാഹി മദ്യം പിടിച്ചാല്‍ കേസെടുക്കാം.
*അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കൊണ്ടുവരാമോ?
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിയമം. ഒരു സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന മദ്യം അതിനകത്ത് മാത്രമാണ് ഉപയോഗിക്കാനാവുക. മറ്റൊരു സംസ്ഥാനത്തേക്ക് അത് കടത്തുമ്പോള്‍ വ്യാജമദ്യമായി പരിഗണിച്ച് കേസെടുക്കും.