പേരാമ്പ്ര സ്വദേശിനിയുടെ മരണം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ്


പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരാമ്പ്ര സ്വദേശിനി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക് സര്‍ജറി എന്നീ വിഭാഗത്തിലെ പ്രൊഫസര്‍മാരാണ് അന്വേഷണ സമിതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളാണ് സമിതിയെ ചുമതലപ്പെടുത്തിയത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു പേരാമ്പ്ര സ്വദേശിനി വിലാസിനി മരിച്ചത്. ശസ്ത്രക്രിയക്കിടെ ഉണ്ടായ ചികിത്സാ പിഴവ് മൂലമാണ് വിലാസിനി മരിച്ചത് എന്നാണ് കുടുംബത്തിന്റെ പരാതി. ഗര്‍ഭപാത്രം മാറ്റുന്നതിനിടെ കുടലിന് പോറല്‍ ഉണ്ടായെന്ന് ഡോക്ടര്‍ തന്നെ കുടുംബത്തോട് അറിയിച്ചതായും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ മെഡിക്കല്‍ കോളേജ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഓപ്പറേഷന്‍ സമയത്ത് ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്പോള്‍ വന്‍കുടലിന്റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തുകയും അപ്പോള്‍ തന്നെ ജനറല്‍ സര്‍ജനെ വിളിച്ചുവരുത്തി ലാപ്രോസ്‌കോപ്പി വഴി ആ ക്ഷതം തുന്നിച്ചേര്‍ക്കുകയും ചെയ്തു എന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ രക്തസ്രാവം ഉണ്ടായെന്ന് സംശയിച്ചതിനാല്‍ ജനറല്‍ സര്‍ജന്‍ അടിയന്തരമായി വയര്‍ തുറന്ന് ശസ്ത്രക്രിയ ചെയ്യുകയും കുടലില്‍ തുന്നല്‍ ഇട്ട ഭാഗത്ത് നേരിയ സുഷിരം കാണുകയും വേണ്ട ചികിത്സ ഉറപ്പുവരുത്തിയെന്നുമാണ് വിശദീകരണ കുറിപ്പില്‍ പറയുന്നത്. ഫീക്കല്‍ പെരിറ്റൊണൈറ്റിസ് എന്ന അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്. മാര്‍ച്ച് ഏഴിനാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ ഗര്‍ഭാശയവും അണ്ഡാശയവും നീക്കം ചെയ്തത്.