വവ്വാലുകളുടെ പ്രജനന കാലം; വടക്കൻ ജില്ലകളിൽ കരുതൽ നടപടികളുമായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്ട് പ്രത്യേക ശ്രദ്ധവേണം
കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലമായതോടെ വടക്കൻ ജില്ലകളിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് നിപ ഹോട്ട് സ്പോട്ടായി നിർണയിക്കപ്പെട്ട അഞ്ച് ജില്ലകളിൽ ബോധവത്കരണത്തിന് നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫിസർ ഡോ. ടി.എസ്. അനീഷ് പറഞ്ഞു.
മൂന്നുതവണയും കോഴിക്കോട്ടാണ് ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ടത്. രണ്ടുതവണയും രോഗം കണ്ടെത്തിയതും വ്യാപനം ഉണ്ടായതും ജാനകിക്കാടിന് സമീപ പ്രദേശങ്ങളായ പേരാമ്പ്ര, കുറ്റ്യാടി മേഖലയിലാണ്. കോഴിക്കോട് ജില്ലയുടെ വടക്ക്-കിഴക്ക് വയനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിൽ മാനന്തവാടിയിലെ വവ്വാലുകളിൽ വ്യാപകമായി നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാടുമായി ചേർന്നു കിടക്കുന്ന ഭാഗത്തായിരുന്നു 2024ൽ മലപ്പുറത്ത് നിപ ബാധിച്ച് കുട്ടി മരിച്ചത്. അതിനാൽ തന്നെ വയനാടായിരിക്കാം നിപ വൈറസ് വാഹകരായ വവ്വാലുകളുടെ പ്രധാന കേന്ദ്രമെന്നാണ് ഗവേഷകരുടെ നിഗമനം.
ആശുപത്രികളിൽ കരുതൽ വേണം
വവ്വാലുകളിൽനിന്നാണ് മനുഷ്യരിലേക്ക് രോഗം പകർന്നത് എന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ രോഗ വ്യാപനം കൂടുതലും മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കായിരുന്നു. അതിനാൽ വ്യാപനം കുറക്കുക എന്നതിന് കൂടുതൽ ഊന്നൽ നൽകണം. കുടംബത്തിൽ നിന്നും ആശുപത്രിയിൽ നിന്നുമാണ് രോഗ വ്യാപനമുണ്ടാവുക. ഇതിൽ കൂടുതൽ വ്യാപനമുണ്ടായത് ആശുപത്രികളിൽ നിന്നാണ്.അതിനാൽ ആശുപത്രികളിൽ നിന്ന് രോഗവ്യാപനം തടയൽ പ്രധാനമാണ്. ആശുപത്രിസന്ദർശനം പരമാവധി ഒഴിവാക്കണം. അത്യാവശ്യത്തിന് പോവുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ചുമ, ചർദി, തുമ്മൽ എന്നീ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരിൽ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതകൂടുതൽ. രോഗലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ പരിശോധിക്കണം എന്നതടക്കമുള്ള മാർഗ നിർദേശങ്ങൾ ആശുപത്രി അധികൃതർക്കു നൽകിക്കഴിഞ്ഞു.
കോഴിക്കോട്ട് പ്രത്യേക ശ്രദ്ധവേണം
മേയ് മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ നിപ സാധ്യതാ കാലമായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് 2018 മുതൽ 2024 വരെ ആറു തവണയായി 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 ശതമാനവും കോഴിക്കോട് ജില്ലയിലായിരുന്നതിനാൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല ഏറെ പ്രധാന്യമർഹിക്കുന്നുണ്ടെന്നും ഡോ അനീഷ് പറഞ്ഞു.