‘കരിമ്പനകളുടെ നാട്ടില്‍ നിന്നും അവരെത്തി കടലിരമ്പം കേള്‍ക്കുവാന്‍’; കാപ്പാടിന്റെ കടല്‍ക്കാഴ്ചകള്‍ കണ്ട് പാലക്കാട് നിന്നെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമടങ്ങുന്ന 150 അംഗ സംഘം


ചേമഞ്ചേരി: കരിമ്പനകളുടെ നാട്ടില്‍ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേള്‍ക്കുവാന്‍. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കിടപ്പു രോഗികള്‍ അവരുടെ കൂട്ടിരിപ്പുകാര്‍ വളണ്ടിയര്‍മാര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നേഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന 150 അംഗ സംഘം കോഴിക്കോടിന്റെ മണ്ണിലേക്ക് സ്‌നേഹ സഞ്ചാരം എന്ന പേരില്‍ പാലിയേറ്റീവ് രോഗികളുടെ ഉല്ലാസയാത്ര സംഘടിപ്പിച്ചു.

കോഴിക്കോട് നഗരത്തിലെ പ്‌ളാനറ്റോറിയത്തിലെ ആകാശക്കാഴ്ചകളുടെ മാസ്മരികതയിലും അസ്തമയത്തിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ ഏറ്റുവാങ്ങുന്ന കാപ്പാട്ടിലെ കടല്‍ക്കാഴ്ചയിലും രോഗികളും കൂട്ടിരിപ്പുകാരും ഒരു ദിവസത്തേക്കെങ്കിലും തങ്ങളുടെ ദുരിതക്കടലിനെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും മോചിതരായി.

ബ്‌ളു ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റുള്ള കടല്‍ത്തീരത്ത് അവര്‍ക്കു വേണ്ടി പാട്ടരങ്ങ് ജീവകാരുണ്യ കലാകേന്ദ്രം തിരുവങ്ങൂര്‍ നാടന്‍ പാട്ടുകള്‍ കൊണ്ട് വിരുന്നൊരുക്കി. കലാസന്ധ്യയുടെ ഉദ്ഘാടന സമ്മേളനത്തില്‍ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജന്‍, വൈസ് പ്രസിഡണ്ട് സിദ്ധിഖ്, കോഴിക്കോട് ഇനീഷ്യറ്റീവ് ഇന്‍ പാലിയേറ്റീവ് കൊയിലാണ്ടി മേഖല ജനറല്‍ സിക്രട്ടറി കവി ബിനേഷ് ചേമഞ്ചേരി, വി.ടി.വിനോദ്, മെഡിക്കല്‍ ഓഫീസര്‍ നെല്‍സണ്‍ തോമസ്, എച്ച്.ഐ.രാമപ്രസാദ് എന്നിവര്‍ സംസാരിച്ചു.