ഒടുവില്‍ നല്ല വാര്‍ത്ത: ഉള്ളിയേരിയില്‍ നിന്ന് കാണാതായ പതിനാറുകാരിയെ കര്‍ണാടകയില്‍ കണ്ടെത്തി; കുട്ടിയുമായി പൊലീസ് നാട്ടിലേക്ക്


ഉള്ളിയേരി: ഉള്ളിയേരിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് എലത്തൂര്‍ പൊലീസ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തിനടുത്ത് വച്ച് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ മുതലാണ് അഞ്ജനയെ കാണാതായത്. നടക്കാവിലെ സ്‌കൂളിലേക്ക് ടി.സി വാങ്ങാനായി പോയതായിരുന്നു അഞ്ജന.

രാത്രി എട്ട് മണിയോടെ ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് ബസ് കിട്ടാത്തതിനാല്‍ വൈകുമെന്ന് കുട്ടി പറഞ്ഞിരുന്നു. പിന്നീട് ആ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയി. പത്ത് മണി കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ബെംഗളൂരുവില്‍ കണ്ടെത്തിയത്.

കുട്ടിയെ കര്‍ണ്ണാടകയിലെത്തിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു.

എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബെംഗളൂരുവിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ നാട്ടിലെത്തി കുട്ടിയെ കോടതിയില്‍ ഹാജരാക്കും.