സൂര്യൻ അൽപ്പം ചൂടിലാണ്; താപനില വർദ്ധനവിനെ തുടർന്ന് പകൽ ജോലി സമയം പുനഃക്രമീകരിച്ചു


കോഴിക്കോട്: താങ്ങാനാവാത്തതിലും അധികമായി പകൽച്ചൂട്, തൊഴിലാളികൾക്കായി ഇനി പുതിയ ജോലി സമയം. സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിലാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കിയത്.

തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ ക്രമീകരണം. ഏപ്രിൽ 30 വരെയാണ് പുതിയ ഷിഫ്റ്റ് അനുവദിച്ചിട്ടുള്ളത്.

ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.