തീരില്ലേ ഈ ചോരക്കൊതി? രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത്‌ 22 സി.പി.എം പ്രവർത്തകർ


കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ വെളുപ്പിനെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയിരിക്കുകയാണെന്നാണ് ഇൻക്യുസ്റ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ അറിഞ്ഞത്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണെന്നും ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വ്യത്യസ്ത കാരണങ്ങളുടെ പേരിൽ കത്തിക്കിരയാവുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്. അതിൽ പ്രധാനമാണ് രാഷ്ട്രീയ പക പോക്കലിൽ ജീവൻ നഷ്ട്ടപെടുന്നവർ.

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലങ്ങളിൽ രാഷ്ട്രീയ പകയിൽ പൊലിഞ്ഞത് അനേക ജീവനുകളാണ്. അതിൽ തന്നെ 2016 മുതൽ അഞ്ച്‌ വർഷത്തിനിടെ കേരളത്തിൽ 22 പേരെയാണ് സിപിഐഎമ്മിന് നഷ്‌ടമായത്.

ഇരുപത്തിരണ്ട് സി.പി.എം പ്രവർത്തകരിൽ 16 പേരെ കൊലപ്പെടുത്തിയതിൽ പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്. കോൺഗ്രസ് നാല് പ്രവർത്തകരെ കൊലപ്പെടുത്തിയതെന്ന ആക്ഷേപം ഉയരുമ്പോൾ ഒരു പ്രവർത്തകനെ കൊലപ്പെടുത്തിയതിന്റെ പേരിൽ മുസ്ലീം ലീഗും പ്രതിസ്ഥാനത്തുണ്ട്. എസ്‌.ഡി.പി.ഐയും സംസ്ഥാനത്ത് ഈ കാലയളവിൽ ഒരു സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി.

വളരെ പെട്ടന്നാണ് കേരളം ചോര മണക്കാൻ തുടങ്ങിയത്. പലപ്പോഴും നൈമിഷികമായ പകയുടെ പേരിലാണി കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. വിടരാൻ കൊതിച്ച എത്രയോ പൂവുകളാണ് ചെറുപ്രായത്തിൽ തന്നെ അറുത്തു മാറ്റപ്പെട്ടത്.

2020 ഓഗസ്റ്റിന് ശേഷം മാത്രം ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ് അക്രമി സംഘം കൊലക്കത്തി ക്കിരയാക്കിയത് 9 സിപിഐഎം പ്രവര്‍ത്തകരെയാണ്‌.

2020 ഓഗസ്റ്റ് 18ന് കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു മടങ്ങുന്നതിനിടയില്‍ ആണ് കായംകുളത്ത്‌ സിപിഎം നേതാവ് സിയാദിനെ മറ്റ് പാർട്ടിക്കാരുടെ നിർദ്ദേശ പ്രകാരം കൊട്ടേഷന്‍ സംഘം കൊലക്കത്തിക്കിരയാക്കുന്നത്.

2020ലെ തിരുവോണ തലേന്നാണ് വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്നെയും ഹക്ക് മുഹമ്മദിനേയും ക്രിമിനല്‍ സംഘം അരുംകൊല ചെയ്‌തത്.

2020 ഒക്ടോബര്‍ നാലിന് കുന്നംകുളത്ത് സിപിഐ എം ചിറ്റിലംങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായ സനൂപും കൊല്ലം മണ്‍റോ തുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലും രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങൾ മൂലമാണ് മരണപ്പെട്ടത്.

കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്ന മുതിർന്ന നേതാക്കന്മാർ ഒടുവിൽ പൂർണ്ണമായും കയ്യൊഴിയുന്ന കാഴ്ചയാണ്. ആരാണ് കൊലക്കത്തി താഴേക്ക് വയ്‌ക്കേണ്ടതെന്ന ചർച്ചകൾ കുലംകുഷിതമായി നടത്താറുണ്ടെങ്കിലും അരുമതിനായി മുന്നിട്ടിറങ്ങാറില്ല എന്നതാണ് വാസ്തവം. ഒരു കത്തി കുത്തിയിറങ്ങുമ്പോഴേക്കും അതിനു ബദലായി മറ്റനേകം കത്തികൾ രൂപം കൊള്ളുകയാണ്.

രാഷ്ട്രീയ പകപോക്കലിൽ കത്തി കുത്തിയിറക്കുമ്പോൾ ആ ജീവനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടെന്നുള്ള കാര്യം മറക്കരുതേ. ക്വട്ടേഷൻ സംഘങ്ങളുടെ തിരക്കഥയ്ക്കനുസരിച്ച് ചലിക്കുന്ന ഇടമായി കേരളം മാറാതിരിക്കട്ടെ.