വടകരയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം


Advertisement

വളരെ വ്യക്തമായി അതിക്രമത്തെക്കുറിച്ച് യുവതി പോലീസില്‍ പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്നത് പ്രതിക്ക് ഭരണതലത്തിലുള്ള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Advertisement

സാധാരണക്കാരന്‍ ഇത്തരം അതിക്രമങ്ങള്‍ ചെയ്യുമ്പോള്‍ വളരെ പെട്ടെന്ന് നടപടിയെടുക്കുന്ന പൊലീസ് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തം കേസുകളില്‍ അകപ്പെടുമ്പോള്‍ നടപടി വൈകിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ലൈംഗിക അതിക്രമം കാണിച്ച ഉദ്യോഗസ്ഥനെതിരെ ശക്തമായ നിയമനടപടിയെടുത്ത് ജയിലിലടക്കുകയും അദ്ദേഹത്തെ സര്‍വീസില്‍ നിന്നു പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു.

Advertisement

വടകര കോട്ടപ്പള്ളി റോഡില്‍ റോഡ് ടെസ്റ്റിനിടയിലാണ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരെ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥനെതിരെയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

വടകരയില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റിനിടെ ഇത്തരം അനുഭവങ്ങള്‍ പല സ്ത്രീകള്‍ക്കും ഉണ്ടായിട്ടും മാനഹാനി ഭയന്നാണ് പലരും പറയാത്തതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഷംസീര്‍ ചോമ്പാല, റസീന ഷക്കീര്‍, സമദ് മാക്കൂല്‍, ഷറഫുദ്ദീന്‍ വടകര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.