”’ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ’ അത്ര തരംതാണ രീതിയില്‍ സംസാരിച്ചു” മൊഴിതിരുത്താന്‍ ആവശ്യപ്പെട്ട് ആ ആറ് ജീവനക്കാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പീഡനത്തിന് ഇരയായ യുവതി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ജീവനക്കാര്‍ ഓരോരുത്തരായാണ് തന്നെ വന്നുകണ്ട് ഈ രീതിയില്‍ സംസാരിച്ചത്. രണ്ടുദിവസങ്ങളിലായാണ് ഇവര്‍ വന്നതെന്നും യുവതി പറഞ്ഞു.
‘മാനസികമായി അങ്ങേയറ്റം ഹരാസ് ചെയ്യുകയായിരുന്നു. എന്നോട് പറഞ്ഞത് ‘ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ. അത്രത്തോളം മോശമായി സംസാരിച്ചു. എനിക്ക് മാനസിക രോഗമാണെന്ന് വരെ അവര്‍ പറഞ്ഞിട്ടുണ്ട്.” യുവതി പറയുന്നു.
എന്തുസംഭവിച്ചാലും നീതി കിട്ടുംവരെ ഈ കേസുമായി മുന്നോട്ടുപോകും. ഇനിയൊരു സ്ത്രീയ്ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മറ്റാരിക്കെങ്കിലും ഇതേ അനുഭവമുണ്ടായിട്ടുണ്ടോയെന്ന് അറിയില്ലല്ലോയെന്നും അവര്‍ പറഞ്ഞു.
വടകര സ്വദേശി ശശീന്ദ്രന്‍ പ്രതിയായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസില്‍ രോഗിയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ ആറ് ജീവനക്കാര്‍ക്കെ നടപടിയെടുത്തിരുന്നു. ഗ്രേഡ് ഒന്ന് അറ്റന്റര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റന്റര്‍മാരായ പി.ഇ.ഷൈമ, ഷജുല, നേഴ്‌സിങ്ങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നീ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ദിവസവേതനത്തിന് ജോലി ചെയ്യുന്ന ദീപയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
യുവതി നല്‍കിയ പരാതി പരിശോധിച്ചശേഷമായിരുന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ജി.സജീത്ത് കുമാറിന്റെ നടപടി. ബുധനാഴ്ച ഇവര്‍ ഐ.സി.യുവിലെത്തി കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
അന്വേഷണം നടത്തി കര്‍ശന നടപരിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.സി.യുവില്‍ അറ്റന്ററില്‍ നിന്ന് പീഡനം നേരിടേണ്ടിവന്നത്.