ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കാഴ്ചവെച്ചത് മികച്ച പ്രകടനം; കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി കുഞ്ഞാറ്റയും അര്‍ജുനും


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി മാറി കുഞ്ഞാറ്റയും അര്‍ജുനും. കേരളത്തിനായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജുന്‍ ബൂട്ടണിഞ്ഞതെങ്കില്‍, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17ടീമിലെ മിന്നും താരമാണ് ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റ. ഫുട്‌ബോളിനെ ജീവനായി കാണുന്ന കൂരാച്ചുണ്ടിന്റെ മണ്ണില്‍ നിന്നും പന്ത് തട്ടി ഉയരങ്ങളിലെത്തിയിരിക്കുകയാണ് ഇരുവരും.

കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷയും കക്കയത്തിന്റെ സ്വകാര്യ അഹങ്കാരവുമായ ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റയുടെ കട്ടൗട്ട് കഴിഞ്ഞ ദിവസം ജന്മനാടായ കക്കയത്ത് ഉയര്‍ത്തിയിരുന്നു.ഇനിയുമിനിയും അവള്‍ക്കൊപ്പമുണ്ടെന്ന കക്കയത്തെ യുവതയുടെ പ്രഖ്യാപനമാണ് ജന്മനാട്ടില്‍ ഉയര്‍ന്ന കട്ടൗട്ട്. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17ടീമിലെ താരമായ കുഞ്ഞാറ്റ കക്കയം നീര്‍വായകത്തില്‍ ഷാജി, എല്‍സി ഷാജി ദമ്പതികളുടെ മകളാണ്.

ഇന്ത്യയ്ക്കായി അണ്ടര്‍ 17 മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ഈ പതിനാറുകാരി ഇതിനോടകം എട്ടു ഗോളുകള്‍ രാജ്യത്തിനായി നേടിക്കഴിഞ്ഞു. ജോര്‍ദാനെതിരായ രണ്ട് മത്സരത്തിലും ഹാട്രിക്ക് നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കണ്ണൂര്‍ സ്പോര്‍ട് ഡിവിഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞാറ്റ. നിലവില്‍ കേരള ടീമംഗവുമാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ അര്‍ജുന്‍ ഗോവയ്‌ക്കെതിരെയുള്ള ആദ്യ മത്സത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്രയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് ജഴ്സി നമ്പര്‍ 14 അര്‍ജുന്‍ ബാലകൃഷ്ണനാണ്. കേരളത്തിനായി ബൂട്ടണിഞ്ഞ അര്‍ജുന്‍ മികച്ച പ്രകടനമാണ് തന്റെ രണ്ടാം മത്സത്തിലും കാഴ്ച വെച്ചത്. ഇന്ന് നടക്കുന്ന മത്സരവും 19ന് നടക്കുന്ന മത്സരവും കേരളത്തിനും അര്‍ജുനും ഏറെ നിര്‍ണ്ണായകമാണ്.

കൂരാച്ചുണ്ട് പൂവ്വത്തും ചോല നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ് അര്‍ജുന്‍. കൂരാച്ചുണ്ട്, കല്ലാനോട് സ്‌കൂളുകളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ അര്‍ജുന്‍ ഏഴാം ക്ലാസ് മുതല്‍ വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.