നിപ, അമിത ആത്മവിശ്വാസം വേണ്ട; കോഴിക്കോട് ജില്ലയിൽ തുടർന്നിരുന്ന ജാഗ്രത വരും ദിവസങ്ങളിലും പാലിക്കണം- മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടര്‍ന്നാല്‍ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണുകളില്‍ വളണ്ടിയര്‍ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. സര്‍ക്കാര്‍ നിലപാടിനൊപ്പം കോഴിക്കോടിലെ ജനതയും നിന്നെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിപ രോഗബാധിതരുമായി സമ്പര്‍ക്കത്തിലായിരുന്ന എല്ലാവരും നിര്‍ബന്ധമായും 21 ദിവസം ഐസോലേഷനില്‍ ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിശോധയില്‍ നെഗറ്റീവ് ആയാലും ഐസോലേഷന്‍ നിര്‍ബന്ധമാണ്. ഹൈറിസ്‌ക്, ലോറിസ്‌ക് സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. 21 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വൈറസ് സജീവമാകാം എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെത്സാസിനി, അസി. കലക്ടര്‍ പ്രതീക് ജെയിന്‍, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ, കേന്ദ്രസംഘ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.