നരിക്കുനിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം; ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമായ നിധിന്‍ നിലമ്പൂരും കൂട്ടാളികളും അറസ്റ്റില്‍


നരിക്കുനി: നരിക്കുനി എംസി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ ഗൂര്‍ഖ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അന്വേഷണത്തിനൊടുവില്‍ കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. ചാരിറ്റി പ്രവര്‍ത്തകന്‍ നിധിന്‍ നിലമ്പൂൂരും കൂട്ടാളികളുമാണ് പിടിയിലായിരിക്കുന്നത്. നിലമ്പൂൂര്‍ പോത്തുകല്ല് സ്വദേശികളായ നിധിന്‍ കൃഷ്ണന്‍ (നിതിന്‍ നിലമ്പൂൂര്‍ 26), പരപ്പന്‍ വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34)വെള്ളിമണ്ണ ഏലിയ പാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്‍ തുറക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതികളിലൊരാളായ അമീറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്.

തുടര്‍ന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവര്‍ പിടിയിലായത്. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികള്‍ കാറില്‍ പോകുന്നതിനിടെ, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ മുടൂരില്‍ വച്ചു കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.

പിടിയിലായ നിധിന്‍ ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ അടുക്കുകയും കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. മുഖ്യപ്രതിയായ നിധിന്‍ കവര്‍ച്ചയ്ക്കായി ഓണ്‍ലൈനില്‍നിന്നു വാങ്ങിയ പ്ലാസ്റ്റിക് പിസ്റ്റളും കമ്പിപ്പാര, ഉളി, ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, ഗ്ലൗവ്സ്, തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി തുടങ്ങിയരും കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

summary: charity worker and accomplices arrested for robbery attempt at jewelry in narikkuni