”ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ട്”; കലോത്സവവേദിയില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ആശ ശരത്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആശ ശരത്.
ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. അത്രമാത്രം കഠിനാധ്വാനം ചെയ്താണ് ഓരോ കുട്ടിയും ഈ വേദിയില്‍ എത്തുന്നത്. കേരളത്തില്‍ നൃത്തം പഠിച്ചിരുന്ന കാലത്ത് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്നിങ്ങനെയായിരുന്നു. അതില്‍ നിന്ന് മാറ്റം വരുത്തി മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് എ. ഗ്രേഡ് നല്‍കാന്‍ ഉള്ള തീരുമാനം എടുത്തതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ട്. ഇത് കുട്ടികളില്‍ മത്സരബുദ്ധി കുറയ്ക്കാന്‍ സഹായകരമായിട്ടുണ്ട്.
അടുത്തവര്‍ഷം കലോത്സവത്തിന് നൃത്തം ചിട്ടപ്പെടുത്താന്‍ താനുമുണ്ടാവുമെന്നും ആ ആഗ്രഹം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആശ കൂട്ടിച്ചേര്‍ത്തു.
‘ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് കൈയടികള്‍ നിങ്ങളെ കാത്തിരിക്കുന്നു.’ എന്ന് ആശംസിക്കുകയും ചെയ്തു അവര്‍.
മുഖ്യവേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.