കണ്ണൂരില്‍ പോലീസ് സ്‌റ്റേഷനു സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി വി.ഡി. ജിന്റോയാണ് മരിച്ചത്. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. കുത്തേറ്റ ജിന്റോ റോഡില്‍ കിടന്ന് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വലതുകാലിന് വെട്ടേറ്റ ജിന്റോ പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു.