അയനിക്കാട് അടിപ്പാത: ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനങ്ങള്‍, കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ആയിരത്തോളം പേര്‍


പയ്യോളി: അയനിക്കാട് അടിപ്പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കി അടിപ്പാത കര്‍മ്മസമിതി. നിലവില്‍ പ്രദേശത്ത് ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് അടിപ്പാതയില്ലാതെയാണ് ഈ സാഹചര്യത്തിലാണ് അടിപ്പാത കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം ആരംഭിച്ചത്.

പയ്യോളി കഴിഞ്ഞാല്‍ നിലവില്‍ മൂരാടാണ് അടിപ്പാത അനുവദിച്ചിട്ടുള്ളത്. ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ട് ഈ രണ്ട് അടിപ്പാതകളും തമ്മില്‍. ഈ സാഹചര്യത്തിലാണ് അയനിക്കാട് അടിപ്പാതവേണം എന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും പ്രദേശത്ത് അടിപ്പാത അനുവദിച്ചതായും ഇതിനായി പണം വകയിരുത്തിയതായും അറിയിച്ചിരുന്നെന്ന് കര്‍മ്മസമിതി നേതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ നിലവില്‍ വാഗാഡ് ഈ മേഖലയില്‍ ധ്രുതഗതിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും അടിപ്പാതയ്ക്ക് അനുവദിച്ച സ്ഥലത്തും ഇതിന്റെ പണി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രവൃത്തി തടഞ്ഞ് രംഗത്തുവന്നത്.

പി.ടി.ഉഷ എം.പി വിഷയത്തില്‍ ഇടപെടുകയും ജൂണ്‍ എട്ടിന് മുമ്പായി ഈ കാര്യത്തില്‍ തീരുമാനമാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ജൂണ്‍ എട്ടുവരെ കാത്തിരിക്കാനാണ് കര്‍മസമിതിയുടെ തീരുമാനമെന്നും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

അയനിക്കാട് അനുവദിച്ച അടിപ്പാതയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്
കഴിഞ്ഞദിവസം പ്രദേശത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയില്‍ ആയിരത്തിലേറെയാളുകളാണ് പങ്കാളികളായത്. പരിപാടി കെ.ടി.വിനോദ് ഉദ്ഘാടനം ചെയ്തു. നസീര്‍ എ.സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആനന്ദന്‍ അധ്യക്ഷനായിരുന്നു. മഹിജ, അന്‍വര്‍, മനോജ് ചാത്തങ്ങാടി, എന്‍.സി.മുസ്തഫ, ബാബു കേളോത് മഠത്തില്‍ അബ്ദുറഹ്‌മാന്‍, എ.കെ.ബൈജു, വി.എം.ഷാഹുല്‍ ഹമീദ്, ഒ.ടി.മുരളീദാസ്, എം.എ.വിനോദ്, ശശിമാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.