കക്കയം ജലവൈദ്യുതി പദ്ധതി; ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം, ബാണാസുരയില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തി


കക്കയം: മഴയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായിരുന്ന കക്കയം ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉല്‍പാദനത്തിന് താല്‍ക്കാലിക പരിഹാരമായി. വയനാട് മേഖലയില്‍പെട്ട തരിയോട് ബാണാസുര പ്രദേശത്തു മഴ ലഭ്യത വര്‍ധിച്ചതിനാലാണ് ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. ബാണാസുര ഡാമില്‍നിന്ന് കക്കയത്തേക്ക് ടണല്‍ മാര്‍ഗം ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരു മില്യന്‍ ക്യുബിക് മീറ്ററായി ഉയര്‍ന്നതോടെയാണ് വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചത്.

ഇത്തവണ മഴയുടെ കുറവു കാരണം കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുകയായിരുന്നു. ഇത് വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്തു. ജലനിരപ്പ് താഴ്ന്നതിനാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ 0.2453 ദശലക്ഷം യൂനിറ്റിന്റെ കുറവായിരുന്നു ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാല്‍ ബാണാസുര ഡാമില്‍നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയതോടെ പ്രശ്‌നത്തിന് ചെറിയ തോതില്‍ പരിഹാരമാവുകയായിരുന്നു.

കക്കയത്തെ ആറ് മെഷീനുകളില്‍ 50 മെഗാവാട്ടിന്റെ മൂന്ന് മെഷീനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം വരെ 0.3 മില്യന്‍ യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നത് ഇന്നലെ 0.6 മില്യന്‍ യൂനിറ്റായി വര്‍ധിച്ചിട്ടുണ്ട്.

കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും കുറവാണ്. ഡാമില്‍ വെള്ളം കുറഞ്ഞാല്‍ ഹൈഡല്‍ ടൂറിസം ബോട്ട് സര്‍വിസും പ്രതിസന്ധിയിലാകും. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതിനനുസരിച്ചു ആറ് മെഷീനുകളും പ്രവര്‍ത്തനസജ്ജമാകുമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.