ആചാരം തെറ്റാതെ ഇത്തവണയുമവരെത്തി, ഓലക്കുട ചൂടി, മണികിലുക്കി ദേശവാസികൾക്ക് അനു​ഗ്രഹം ചൊരിയാൻ; കൗതുകമായി കുറ്റ്യാടി നെട്ടുരുകാരുടെ ഓണപ്പൊട്ടൻമാർ


കുറ്റ്യാടി: നിട്ടൂരിന്റെ നാട്ടുവഴികളിൽ ഓണപ്പൊട്ടന്മാരുടെ മണികിലുക്കം. ഒറ്റപ്പെടലിനും അടച്ചുപൂട്ടലിനും വിടനൽകി സമൃദ്ധമായ ഓണത്തെ വരവേൽക്കാൻ നാടും നാട്ടുകാരും തയ്യാറായപ്പോൾ ആചാരവഴി തെറ്റിക്കാതെ നാട്ടുവീഥികളിൽ അവരെത്തി. പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് നെട്ടൂരിലെ ഓണപ്പൊട്ടന്മാരുടെ വരവ്. ഗ്രാമവീഥികളിൽ ഓണത്തിന്റെ വരവറിയിച്ചെത്തുന്ന കെട്ടിക്കോലമാണ് ഓണപ്പൊട്ടൻ.

കുറ്റ്യാടിക്കടുത്ത് നിട്ടൂരിൽ ഒരേ സമയം കുറെ ഓണപ്പട്ടന്മാർ എത്തുന്നത് കാലങ്ങളായ് തുടരുന്നതാണ്. നിട്ടൂർ വെള്ളൊലിപ്പിലെ മലയസമുദായത്തിൽപ്പെട്ടവരാണ് ഓണപ്പൊട്ടൻവേഷം കെട്ടുന്നത്. ഉത്രാടം നാളിൽ പുലർച്ചെ ഓണപ്പൊട്ടമാർ പന്തീരടി എട്ടുകെട്ടിൽ ഒത്തുചേർന്ന് ഉടമകളായ കപ്ലക്കാട് തറവാട് കാരണവരിൽനിന്ന് ഓണക്കൊടിയും ദക്ഷിണയും വാങ്ങി യാത്രയായി. കൊവിഡിന് മുമ്പ് വരെ പതിനഞ്ച് പേർ വരെ എത്തുമായിരുന്നു, എന്നാൽ ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയത് ഏഴ് പേരാണെങ്കിലും ആ ഒരുമിക്കലിന് പഴയമയുടെ സൗന്ദര്യം കുറഞ്ഞിട്ടില്ല.

ഉത്രാടംനാളിൽ അതിരാവിലെ വേഷംകെട്ടി വീട്ടിൽനിന്നിറങ്ങുന്ന ഇവർ കൂട്ടമായി എട്ടുകെട്ടായ പന്തീരടി മനയിലേക്ക് എത്തും. കാലങ്ങളായി തുടരുന്ന ആചാരമാണിത്. പന്തീരടി തറവാട് കുടുംബാംഗത്തിൽനിന്ന് അരിയും കോടിയും ദക്ഷിണയും സ്വീകരിച്ച് അനുഗ്രഹം നൽകും. തുടർന്നാണ് ഓണപ്പൊട്ടന്മാർ വിവിധദേശങ്ങളിലേക്ക് വീടുകയറി അനുഗ്രഹം ചൊരിയാൻ പോവുക.

ഏഴുപതിറ്റാണ്ടായി ഓണപ്പൊട്ടൻ വേഷംകെട്ടുന്ന വെള്ളൊലിപ്പിൽ കുടുംബത്തിലെ മുതിർന്ന അംഗമായ കേളപ്പപ്പണിക്കർ, ഭാസ്‌കരപ്പണിക്കർ, ചാത്തുപണിക്കർ, ലാലുപണിക്കർ, രാജേഷ് പണിക്കർ, ശിവപ്രസാദ്, അഭിജിത്ത് തുടങ്ങിയവരാണ് ഇത്തവണ വേഷംകെട്ടിയത്. അത്തം മുതൽ അനുഷ്ഠിക്കുന്ന വ്രതമാണ് ഓണപ്പട്ടൻ കെട്ടുന്നവരെ വേറിട്ട് നിർത്തുന്നത്.

ചമയങ്ങളും ആടയാഭരണങ്ങളുമൊക്കെ ഒരുക്കാൻ ദിവസങ്ങളെടുക്കും. ഉത്രാടം, തിരുവോണം നാളുകളിൽ ഓലക്കുട ചൂടി, മണികിലുക്കി നാടാകെ സഞ്ചരിച്ച് വീടുകൾ കയറി അനുഗ്രഹം നൽകുന്നതാണ് രീതി. വെള്ളൊലിപ്പിൽ കുടുംബത്തിലെ പ്രഗല്ഭനായ കലാകാരൻ കുഞ്ഞിരാമപ്പണിക്കർ ആഴ്ചകൾക്കുമുമ്പെയാണ് മരിച്ചത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളവർ ഇത്തവണ വേഷംകെട്ടിയിട്ടില്ല.

ബുധനാഴ്ച നടന്ന ചടങ്ങിൽ പന്തീരടിത്തറവാട്ടിലെ അംഗങ്ങളായ പ്രദീപ് കപ്പേക്കാട്ട്, സുന്ദരൻ നമ്പീശൻ, വട്ടപ്പൊയിൽ ജിഷ, വടക്കയിൽ ശശികല തുടങ്ങിയവർ ഓണേശ്വരന്മാർക്ക് ഓണപ്പുടവയും ദക്ഷിണയും നൽകി. പന്തീരടിത്തറവാടിന് തൊട്ടുസമീപത്തെ കപ്പേക്കാട് തറവാട്ടിലുമെത്തി പുടവ സ്വീകരിച്ചു. ശേഷം കോറോത്ത് ചാലിൽ പരദേവതാക്ഷേത്രത്തിലും ഓണപ്പൊട്ടന്മാരെത്തി. തുടർന്നാണ് ഓരോ ദേശത്തേക്ക് പിരിഞ്ഞുപോയത്. തിരുവോണംനാളിൽ രാവിലെമുതൽ മറ്റു ദേശങ്ങളിലേക്ക് പോകും.

 

Summary: Kutyadi nettur onapottan visited houses as a part of onam celebration