ചെരണ്ടത്തൂരിലെ സ്ഫോടനം: പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി


വടകര: ചെരണ്ടത്തൂരില്‍ വീടിനുമുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്.

 

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. എം.എം.സി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാന്‍ വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആശുപത്രിയില്‍ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ മടങ്ങി. അടുത്ത ദിവസം മൊഴിയെടുക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.ബോംബ് നിര്‍മാണ ലക്ഷ്യമടക്കം പുറത്തുവരാനുണ്ട്.

ഫെബ്രുവരി 16 നാണ് ഹരിപ്രസാദിന്റെ വീടിന്റെ ടെറസില്‍ സ്‌പോടനം നടന്നത്. സ്പോടനത്തെ തുടര്‍ന്ന് പയ്യോളിയില്‍ നിന്നും വടകരയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലനില്‍ക്കുന്ന മേഖലയല്ല ഇത്. സ്ഫോടനത്തെ തുടര്‍ന്ന് നാട്ടുകാരും ഭീതിയിലാണ്. സംഭവത്തെ പറ്റി സമഗ്ര അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. അതേസമയം, നാലുവര്‍ഷമായി ആര്‍എസ്എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാള്‍ക്കില്ലെന്ന് ആര്‍എസ്എസ് വടകര കാര്യകാരി അറിയിച്ചു.