കഞ്ചാവ് കോട്ടയായി മാറി കോഴിക്കോട്; ആന്ധ്രയിൽ നിന്നുമെത്തിച്ച 39 കിലോ കഞ്ചാവുമായി താമരശ്ശേരിയിൽ യുവാവ് പിടിയിൽ; നവംബറിന് ശേഷം മാത്രം ഇയാൾ കേരളത്തിലെത്തിച്ചത് 300 കിലോയോളം കഞ്ചാവ്


കോഴിക്കോട്: ലഹരിയുടെ കേന്ദ്രമായി മാറി കോഴിക്കോട്. ആന്ധ്രയിൽ നിന്നുമെത്തിച്ച കഞ്ചാവുമായി താമരശ്ശേരിയിൽ യുവാവ് പിടിയിൽ. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസിൽ നഹാസ് (37) നെയാണ് പോലീസ് പിടികൂടിയത്. അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിൽ കഞ്ചാവ് സൂക്ഷിക്കുന്നതിനു വേണ്ടി വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. മുപ്പത്തൊൻപത് കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന ഗുരുതര കുറ്റ കൃത്യമാണ് ഇത്.

ഫെബ്രുവരി പതിനൊന്നാം തീയ്യതി ലോറിയുമായി ആന്ധ്രയില്‍ പോയ നഹാസ് ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇയാളുടെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തത്. നവംബര്‍ മാസത്തിനു ശേഷം മാത്രം 6 തവണയായി ഇയാൾ കേരളത്തിലെത്തിച്ചത് 300 കിലോയോളം കഞ്ചാവ് ആണ്. വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്.

മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തു വരുകയായിരുന്നു നഹാസ്. നല്ല സാമ്പത്തിക ശേഷിയുണ്ടായിട്ടും പെട്ടെന്ന് പണമുണ്ടാക്കുന്നതിനു വേണ്ടിയാണു മയക്കുമരുന്ന് കച്ചവടത്തിലേക്കു തിരിഞ്ഞത്. മൂന്ന് മാസത്തോളം ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയതിന്റെ പരിചയമാണ് ഇയാളെ കഞ്ചാവ് ലോബിയുമായി അടുപ്പിച്ചത്.

14 കിലോഗ്രാം കഞ്ചാവുമായി വെള്ളിയാഴ്ച അസ്റ്റിലായ കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്ബില്‍ ഷബീറില്‍ (33) നിന്നാണ് മൊത്ത വിതരണക്കാരനായ നഹാസിനെ കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത് ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് റൂറല്‍ എസ്.പി ഡോ എ ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അന്വേഷണം നടത്തുമെന്ന് കര്‍ശന നടപടി എടുക്കുമെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു.

ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു. പി, രാജീവന്‍.കെപി, എസ്.സി.പി.ഒ. ഷാജി.വി.വി,അബ്ദുള്‍ റഹീം നേരോത്ത്, താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍, എസ് ഐ മാരായ സനൂജ് വി എസ്, അരവിന്ദ് വേണുഗോപാല്‍, എ എസ് ഐ ജയപ്രകാശ്, സി പി ഒ റഫീഖ്, എസ് ഒ ജി അംഗങ്ങളായ ശ്യം സി, ഷെറീഫ്, അനീഷ് ടി എസ്, മുഹമ്മദ്‌ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.