ഭീതിയുടെ ചക്രങ്ങള്‍ ഉരുളുന്നു; കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് വേണ്ടി ഉക്രയിനില്‍ നിന്ന് കൊയിലാണ്ടി സ്വദേശി സാരംഗ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം (Watch Video)


കൊയിലാണ്ടി: ഉക്രയിനില്‍ യുദ്ധം മുറുകുമ്പോള്‍ അതിന്റെ ആശങ്ക ഇങ്ങ് കേരളത്തിലുമുണ്ട്. ഉക്രയിനിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണോ എന്നറിയാതെ വിഷമിക്കുന്ന നിരവധി പേരാണ് കേരളത്തിലുള്ളത്. കൊയിലാണ്ടിയില്‍ നിന്നു പോലും ഒരുപാട് പേര്‍ ഉക്രയിനില്‍ വിദ്യാഭ്യാസത്തിനായി പോയിട്ടുണ്ട്.

നമ്മുടെ നാട്ടുകാരായ ചില വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം വിവിധ റിപ്പോര്‍ട്ടുകളിലൂടെ വായനക്കാരിലെത്തിച്ചിരുന്നു. ഇപ്പോഴിതാ, യുദ്ധമുഖത്തുള്ള ഉക്രയിനില്‍ നിന്നുള്ള ഭീതിദമായ ചില ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഉക്രയിനില്‍ പഠിക്കുന്ന കുറുവങ്ങാട് സ്വദേശി സാരംഗ് സജീവനാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സാരംഗ് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തെരുവിലൂടെ പട്ടാള ട്രക്കുകള്‍ നീങ്ങുന്ന കാഴ്ചയാണ് ഈ ദൃശ്യങ്ങളിലുള്ളത്.

ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സാരംഗ്. ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ നിന്ന് അല്‍പ്പം ദൂരെയാണ് സാപോരിഷിയ എങ്കിലും ഇവിടെയും യുദ്ധഭീതിയുണ്ട്.

യൂണിവേഴ്സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ആറുവരിപ്പാതയ്ക്ക് അരികിലാണ് സാരംഗ് ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന മുറി. മൂന്നുപേരാണ് ഇവിടെ പെട്ടിരിക്കുന്നത്. സൈന്യം സാപോരിഷിയയില്‍ ക്യാമ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

കൊയിലാണ്ടി കുറുവങ്ങാട് കോഴിക്കളത്തില്‍ താഴെ സജീവന്റെയും സിന്ധുവിന്റെയും മകനാണ് സാരംഗ്.

വീഡിയോ കാണാം: