‘ഡിലിറ്റ് ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുക്കാം’; പുതിയ ഫീച്ചറുമായി വാട്സാപ്പ്; വിശദമായി അറിയാം


ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന തരത്തിൽ നിരവധി അപ്ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് അടുത്തിടെയായി കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നവയാണ്. നിലവിൽ അണിയറയിൽ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്.

‘ഡിലീറ്റ് ഫോർ എവരിവൺ ‘ ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തിൽ ഡീലിറ്റ് ചെയ്ത മെസെജുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോൾ വാട്ട്‌സ്ആപ്പ് നിർമിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സാപ്പിന്റെ അണിയറ നീക്കങ്ങള്‍ വളരെ നേരത്തെ തന്നെ പുറത്തുവിടാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംവിധാനം വഴി ഉപഭോക്താവിന് താന്‍ നീക്കം ചെയ്ത സന്ദേശം തിരിച്ചെടുക്കാന്‍ സാധിക്കും. ഇതിനായി ഒരു അണ്‍ഡു (UNDO) ബട്ടന്‍ ഉണ്ടാവും. Delete For Me ബട്ടന്‍ വഴി നീക്കം ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഈ സൗകര്യം പ്രയോജനകരമാവും.

എന്നാല്‍ ഉപഭോക്താവിന്റെ ചാറ്റ് വിന്‍ഡോയിലെ സന്ദേശമാണ് ഈ രീതിയില്‍ തിരിച്ചെടുക്കാനാവുക. അതായത് Delete For Everyone എന്ന ബട്ടന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ മറുപുറത്തുള്ളവരുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടാവും. അണ്‍ഡു ബട്ടന്‍ ഉപയോഗിച്ച് ഈ സന്ദേശം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അയച്ചയാളിന്റെ ചാറ്റ് വിന്‍ഡോയില്‍ മാത്രമേ ആ സന്ദേശം തിരികെയെത്തുകയുള്ളൂ.

ഇങ്ങനെ തിരിച്ചെടുക്കുന്ന സന്ദേശങ്ങള്‍ പിന്നീട് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ബട്ടന്‍ ഉപയോഗിച്ച് എല്ലാവരില്‍ നിന്നും നീക്കം ചെയ്യാനും സാധിച്ചേക്കും.

ഗൂഗിള്‍ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാവും. വരുന്ന ആഴ്ചകളില്‍ തന്നെ ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും.

നേരത്തെ വാട്ട്‌സ്ആപ്പ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയ ഓപ്ഷനുകളിൽ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടിയിരുന്നു. തെറ്റായി അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധിയ്ക്ക് മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. വാട്ട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്തവർക്കാണ് ഫീച്ചർ ലഭ്യമായുള്ളത്.

ഇതു കൂടാതെ സംഭാഷണങ്ങളിൽ കൂടുതൽ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്ട്‌സ്ആപ്പ് മറ്റ് ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് ലെഫ്റ്റാകുക, ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാൻ പറ്റുന്ന രീതിയിൽ അയയ്ക്കുന്ന മെസേജിന്റെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് മറ്റ് ഫീച്ചറുകൾ.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Summary: new updates: WhatsApp may soon allow recovering messages deleted by mistake