‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)



കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു.

‘തങ്ങളോടൊപ്പം സര്‍ ഡാന്‍സ് കളിക്കാമോ’ എന്ന് കുട്ടികള്‍ ചോദിച്ചപ്പോള്‍ താന്‍ അതിന് തയ്യാറാവുകയായിരുന്നെന്നും തുടര്‍ന്ന് അവര്‍ തന്നെ അതിനുള്ള ചുവടുകളും പഠിപ്പിച്ചു തന്നതായും അധ്യാപകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാല് പാട്ടുകള്‍ ചേര്‍ത്ത് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സില്‍ നാലാമത്തെ പാട്ടിലാണ് കുട്ടികള്‍ക്കൊപ്പം ചുവട് വച്ചത്.

ഈ പരിപാടിയില്‍ മാത്രമല്ല സിബി സര്‍ കുട്ടികള്‍ക്ക് ആവേശമാവുന്നത്. അവര്‍ക്കെന്നും അവരുടെ ഏറ്റവും പ്രിയ്യപ്പെട്ടൊരു കൂട്ടുകാരനാണ് അവരുടെ സ്വന്തം സിബി സര്‍. കാരണം മറ്റൊന്നുമല്ല, കുട്ടികളോടോപ്പം നടക്കും, കളിക്കും, അവരുടെ തോളില്‍ കയ്യിടും. വളരെ അടുപ്പത്തോടെ മാനസികമായും അവരെ ചേര്‍ത്തുപിടിക്കും. എന്തിനും ഏതിനും ഒരു കൂട്ടുകാരനെപോലെ അവരോടൊപ്പം കളിച്ചും ചിരിച്ചും നടക്കുന്നൊരു അധ്യാപകന്‍ അതാണ് അവര്‍ക്ക് അവരുടെ സിബി സര്‍.

ഇങ്ങനെയെല്ലാമാണ് സാറെന്നുകരുതി പഠനത്തില്‍ ഉഴപ്പികളയാം എന്ന് കുട്ടികള്‍ക്ക് തോന്നുമെന്നു കരുതിയെങ്കില്‍ അവിടെയും സാര്‍ നമ്മളെ ഞെട്ടിക്കും. ഏതു വിഷയത്തിന് പിറകില്‍ പോയാലും സിബി സാറുടെ വിഷയത്തിനു കുട്ടികള്‍ മുന്നോട്ടു തന്നെ. പഠനവിവരങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കാന്‍ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നേരിട്ട് എത്തുന്നതിനും കുട്ടികളുടെയും ജന്മദിനം ഓര്‍ത്തുവെച്ച് അവരെ ആശംസകള്‍ അറിയിക്കുന്നതിനുമെല്ലാം സാര്‍ സമയം കണ്ടെത്തുന്നു.

2006 മുതല്‍ കായണ്ണ ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനാണ് ചക്കിട്ടപ്പാറ സ്വദേശിയായ സിബി അലക്‌സ്. ഇപ്പോള്‍ കായണ്ണ സ്‌കൂളിലെ 10 സി ക്ലാസിലെ ക്ലാസ് ടീച്ചറാണ്. ഇംഗ്ലീഷാണ് പഠിപ്പിക്കുന്നത്. 8 9 10 ക്ലാസുകളിലാണ് ക്ലാസ് എടുക്കുന്നത്. അധ്യാപനം തുടങ്ങിയത് ഇതര സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലാണെങ്കിലും പി.എസ്.സി വഴി ആദ്യമായി നിയമനം ലഭിച്ചത് കായണ്ണ ഗവണ്‍മെന്റ് സ്‌കൂളിലണ്.

 


വീഡിയോ കാണാം

summary: viral video of a teacher who danced with children during onam celebration in kayanna school