മില്ലറ്റുകളുടെക്കുറിച്ച് എല്ലാം അറിയാം, ഈ പുസ്തകത്തിലൂടെ; വടയക്കണ്ടി നാരായണന്റെ ‘ ചെറുധാന്യ പെരുമ’ പ്രകാശനം ചെയ്തു



കൊയിലാണ്ടി: മില്ലറ്റ് സൈദ്ധാന്തികനും പ്രചാരകനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണന്‍ രചിച്ച ‘ചെറുധാന്യ പെരുമ’ എന്ന പുസ്തകം കഥാകാരന്‍ യു.കെ കുമാരന്‍ പ്രകാശനം ചെയ്തു. ബിനീഷ് ചേമഞ്ചേരി ഏറ്റുവാങ്ങി. ചേമഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അബു ഇരിങ്ങാട്ടിരി അധ്യക്ഷന്‍ ആയി. എഴുത്തുകാരായ ഹംസ ആലുങ്ങല്‍, ഹക്കിം ചോലയില്‍, മുഖ്താര്‍ ഉദരംപൊയല്‍, മുനീര്‍ അഗ്രഗാമി, നൗഫല്‍ പനങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. പേരക്ക ബുക്‌സ് ആണ് പ്രസാധകര്‍.

ഒന്‍പത് മില്ലറ്റുകളിലെയും സൂക്ഷ്മ ഘടകങ്ങളെ കുറിച്ചുള്ള വിവരണം, ഓരോന്നിന്റെയും ആരോഗ്യ, ഔഷധ, രോഗശമന ഗുണങ്ങള്‍, ഉപയോഗ രീതി, മില്ലറ്റ് കൃഷി, കേരളത്തിലെ സാമൂഹ്യ ആരോഗ്യത്തിന്റെ ഭീതിതമായ അവസ്ഥ, ജീവിതശൈലി രോഗങ്ങളെ തരണം ചെയ്യാന്‍ ചെറുധാന്യങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവയാണ് പുസ്തകത്തിലെ പ്രതിപാദ്യം.

മില്ലറ്റ് പ്രചാരണത്തിനായി ലേഖകന്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍, മില്ലറ്റ് സോങ് എന്നിവ രചിക്കുകയും ആകാശവാണിയില്‍ അഭിമുഖം, വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തുകയും ചെയ്തിട്ടുണ്ട്.
ലേഖകന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്. നേരത്തെ സേവ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ കോ – ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവക്കുറിപ്പുകള്‍, ‘സേവ്: പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം’ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകനായി വിരമിച്ച ലേഖകന്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും ദേശീയ അധ്യാപക ഇന്നവേഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.