വെള്ളപ്പൊക്കത്തിനും മലയിടിച്ചിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ ഡേറ്റാബേസ് തയ്യാറാക്കണം; മഴക്കെടുതികളെ നേരിടാനൊരുങ്ങി വടകര


വടകര: മഴക്കെടുതികളെ നേരിടാനൊരുങ്ങി വടകര. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര താലൂക്കിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം ടീമിന്റെ യോഗം ചേർന്നു. യോഗത്തിൽ വടകര റവന്യൂ ഡിവിഷണൽ ഓഫീസർ സി. ബിജു അധ്യക്ഷനായി. മഴക്കെടുതികളെ നേരിടാൻ ഉദ്യോഗസ്ഥർ പ്രവർത്തന സജ്ജരായിരിക്കണമെന്നും വിവിധ വകുപ്പുകളുടെ ചുമതലകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വെള്ളപ്പൊക്കത്തിനും മലയിടിച്ചിനും കടൽക്ഷോഭത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ ഡേറ്റാബേസ് തയ്യാറാക്കണം.

ആവശ്യമായ ഘട്ടത്തിൽ കുറ്റ്യാടി ചുരത്തിൽ പോലീസ് സർവൈലൻസ് ടീമിനെ നിയോഗിക്കും.

ആശുപത്രികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഫിറ്റ്നസ്, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ എൻജിനീയറെകൊണ്ടും ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെയും സഹായത്തോടെ പരിശോധിക്കും.

മഴക്കാല രോഗങ്ങളുടെയും മറ്റ് അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുക

അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ, ബോർഡുകൾ, മരങ്ങൾ എന്നിവ മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുകാനുള്ള കരുതൽ നടപടികൾ

താലൂക്ക് കൺട്രോൾറൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കും.

രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രൈയിൻ, മണ്ണുമാന്തി യന്ത്രം, ഹിറ്റാച്ചി തുടങ്ങിയ വാഹനങ്ങളുടെയും ആംബുലൻസുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി വാഹന ഉടമസ്ഥരുടെ ഫോൺ നമ്പർ അടക്കമുള്ള ഡേറ്റാബേസ് തയ്യാറാക്കി സൂക്ഷിക്കണം.

ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിർവഹിക്കണം.

ക്യാമ്പുകളായി പ്രവർത്തിക്കാൻ കണ്ടെത്തിയ കെട്ടിടങ്ങളുടെ ക്രമീകരണങ്ങൾ മേയ് 30നകം പൂർത്തിയാക്കണം.

വൈദ്യുതാപകട സാധ്യതയുള്ള മേഖലകൾ കെഎസ്ഇബി പരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തണം.

മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം.

വടകര തഹസിൽദാർ കെ.കെ പ്രസിൽ, തഹസിൽദാർ എ നൂറുദ്ദീൻ, ജോയിന്റ് ആർ.ടി.ഒ പി.എൻ ശിവൻ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എം.കെ. അബ്ദുൽ അസീസ്, ഡെപ്യൂട്ടി തഹസിൽദാർ എം.കെ സുധീർ, താലൂക്ക് ഓഫീസ് ക്ലർക്ക് ഷനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.