”എം.സി.എഫ് എന്ന വാക്ക് ഇന്ന് ഭരണസമിതി യോഗത്തില്‍ ഉപയോഗിച്ചിട്ടില്ല, തര്‍ക്കമുണ്ടായത് ഭരണസമിതി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തതിന്റെ പേരില്‍” തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.ഡി.എഫ്


തിക്കോടി: മാലിന്യ മുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയാണ് തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായതെന്ന ആരോപണം തള്ളി യു.ഡി.എഫ് പ്രതിനിധികള്‍. ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പ്രതിനിധിയായ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

2023-2024 കാലത്തെ പൊതുമരാമത്ത് പദ്ധതികളില്‍ പഴയ റോഡുകള്‍ക്ക് മെയിന്റനന്‍സ് ഫണ്ടും പുതിയ റോഡുകള്‍ക്ക് അഞ്ച് ലക്ഷം വീതവും നല്‍കാന്‍ ഫെബ്രുവരി 16ന് നടന്ന ഭരണസമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. മെയിന്റനന്‍സ് ഫണ്ടിന് പത്തുലക്ഷം രൂപവരെ കിട്ടും. മെയിന്റനന്‍സ് ഫണ്ടോ പുതിയ റോഡിനുള്ള ഫണ്ടോ, ഏതെങ്കിലും ഒന്ന് മാത്രമെ ഒരു മെമ്പര്‍ക്ക് ലഭിക്കൂവെന്നും അതിനാല്‍ മെമ്പര്‍മാരില്‍ കുറച്ചുപേര്‍ മെയിന്റനന്‍സ് ഫണ്ടിന് അപേക്ഷിക്കണമെന്ന് പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമെല്ലാം അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ രണ്ട് മെമ്പര്‍മാര്‍ മെയിന്റനന്‍സ് ഫണ്ടിന് അപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.


Related News: തിക്കോടി പഞ്ചായത്തില്‍ എം.സി.എഫിനെ ചൊല്ലി ബഹളംവെച്ച് യു.ഡി.എഫ് പ്രതിനിധികള്‍, ബഹളത്തിനിടെ പ്രസിഡന്റിനെയും വനിതാ മെമ്പറെയും കയ്യേറ്റം ചെയ്തെന്ന് പരാതി; വീഡിയോ കാണാം


എന്നാല്‍ ഈ ഭരണസമിതി യോഗത്തില്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് പിന്നീടുണ്ടായത്. എല്‍.ഡി.എഫിന്റെ മെമ്പര്‍മാര്‍ക്ക് പഴയ റോഡിനും പുതിയതിനുമായിട്ട് പതിനൊന്ന് ലക്ഷത്തി അറുപതിനായിരം രൂപയോളവും യു.ഡി.എഫിന്റെ മെമ്പര്‍മാര്‍ക്ക് ഒന്നുകില്‍ പഴയത് അല്ലെങ്കില്‍ പുതിയ റോഡ് എന്ന നിലയില്‍ പത്തുലക്ഷമോ, അഞ്ച് ലക്ഷമോ അനുവദിക്കുന്ന രീതിയില്‍ തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തു. എടുത്ത തീരുമാനം മാത്രമേ മിനുട്‌സില്‍ എഴുതി ചേര്‍ക്കാവൂവെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. തീരുമാനത്തിന്റെ കോപ്പിക്കുവേണ്ടി ആവശ്യപ്പെട്ട് സെക്രട്ടറിക്ക് നോട്ടീസ് കൊടുക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തത് ചര്‍ച്ച ചെയ്തശേഷം മതി ഇന്നത്തെ അജണ്ടയെന്ന് ഇന്ന് നടന്ന ഭരണസമിതി യോഗത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഭരണപക്ഷം തയ്യാറായില്ല. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതെന്നും ബിനു കാരോളി പറഞ്ഞു.


Also Read: തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; യു.ഡി.എഫ് പ്രതിനിധികള്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതായി പരാതി


എല്‍.ഡി.എഫ് ആരോപിക്കുന്നത് പോലെ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രസിഡന്റിന്റെ കയ്യിലുണ്ടായിരുന്ന നോട്ടീസ് പിടിച്ചുവാങ്ങിയിട്ടുണ്ട്. വനിതാ മെമ്പര്‍മാര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്. യു.ഡി.എഫിന്റെ വനിതാ മെമ്പറുടെ തട്ടം പിടിച്ചുവലിച്ച സംഭവമടക്കമുണ്ടായിട്ടുണ്ടെന്നും ബിനു പറഞ്ഞു. ഈ സംഭവത്തിനുശേഷം ഞങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസില്‍ വന്ന് പ്രതിഷേധിക്കുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.