സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാൻ മറക്കല്ലേ; അവസാന തിയ്യതി മാര്‍ച്ച് ഏഴിന്


മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി എന്നീ കേരള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 2022–23 വര്‍ഷത്തെ സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 7 ന് അവസാനിക്കും.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർക്കാണ് സഹായം.ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗണനയുണ്ട്. 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റുള്ളവരെ പരിഗണിക്കും. http://www.minoritywelfare.kerala.gov.in എന്ന സൈറ്റിലെ Scholarships ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാം.

സ്കോളർഷിപ്പുകൾ

സ്കോളർഷിപ്പുകളുടെ പേരും ഓരോ ഇനത്തിലും ലഭിക്കുന്ന തുകയും അർഹതയ്ക്കുള്ള യോഗ്യതയും അറിയാം

  1. എപിജെ അബ്ദുൽ കലാം: പ്രതിവർഷം 6000 രൂപ, സർക്കാർ / എയ്ഡഡ് / അംഗീകൃത പോളിടെക്നിക്കിലെ 3–വർഷ ഡിപ്ലോമ.

2) സിഎച്ച് മുഹമ്മദ് കോയ: ബിരുദം 5000, പിജി ബിരുദം 6000, പ്രഫഷനൽ ബിരുദം 7000 രൂപ പ്രതിവർഷ സ്കോളർഷിപ്. ഹോസ്റ്റൽ സ്റ്റൈപൻഡ് 13,000 രൂപ. പ്രതിവർഷ സ്കോളർഷിപ്, ഹോസ്റ്റൽ സ്റ്റൈപൻഡ് ഇവയിലൊന്നു മാത്രം ലഭിക്കും.

3) സ്വകാര്യ ഐടിഐകളിലെ വിദ്യാർഥികൾക്കു ഫീ റീ–ഇംബേഴ്സ്മെന്റ്: ഒരു വർഷത്തെ കോഴ്സിനു 10,000 / 2 വർഷത്തെ കോഴ്സിനു 20,000 രൂപ.

4) ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി ‌സെക്രട്ടറിഷിപ്: ഇന്റർമീഡിയറ്റ് / ഫൈനൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്ക് പ്രതിവർഷം 15,000 രൂപ

5) തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷനിലെ പിജി ഡിപ്ലോമ ഇൻ ജിഎസ്ടി: പ്രതിവർഷം 15,000 രൂപ.

6) മദർ തെരേസ: പ്രതിവർഷം 15000 രൂപ. കേരളത്തിലെ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് / പാരാമെഡിക്കൽ ഡിപ്ലോമ. യോഗ്യതാപരീക്ഷയിൽ 45% എങ്കിലും മാർക്കു വേണം.

7) പ്രഫ. ജോസഫ് മുണ്ടശ്ശേരി : 2021–22 അധ്യയനവർഷത്തിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000 രൂപ. ബിരുദതലത്തിൽ 80% അഥവാ പിജി തലത്തിൽ 75% മാർക്കു നേടിയവർക്ക് 15,000 രൂപ

8) സിവിൽ സർവീസ് റീ–ഇംബേഴ്സ്മെന്റ്: സർക്കാർ/സർവകലാശാലാ സ്ഥാപനങ്ങളിൽ സിവിൽ സർവീസസ് പരിശീലനം നടത്തുന്നവർക്ക് കോഴ്സ് ഫീ പരമാവധി 20,000 രൂപ. അംഗീകൃത ഹോസ്റ്റലിലെ ഫീ പരമാവധി 10,000 രൂപ.

9) വിദേശപഠനത്തിന്: വിദേശസർവകലാശാലകളിൽ യുജി, പിജി, പിഎച്ച്ഡി പഠനത്തിനു പരമാവധി 50,000 രൂപ.

10) ഇബ്രാഹിം സുലൈമാൻ സേട്ട് : ഒന്നാം ഭാഷയായി ഉറുദു പഠിച്ച് എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കും രണ്ടാം ഭാഷയായി ഉറുദു പഠിച്ച് പ്ലസ്ടുവിന് എല്ലാ  വിഷയങ്ങൾക്കും എ+ നേടിയവർക്കും 1000 രൂപ.

യുജിസി/ സിഎസ്ഐആർ നെറ്റ് സൗജന്യ പരിശീലനവുമുണ്ട്. വകുപ്പിന്റെ വെബ്സൈറ്റിലൂടെയും തിരഞ്ഞെടുത്ത സ്ഥാപനങ്ങൾവഴിയും അപേക്ഷ ക്ഷണിക്കും.വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം– 695033. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2302090 എന്ന നമ്പറില്‍ ബന്ധപ്പെടാം. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളെയും സമീപിക്കാം.