മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍


തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റ് ടീമും മാനന്തവാടി എക്സൈസ് റെയ്ഞ്ച് ടീമും ചേര്‍ന്നായിരുന്നു ബുധനാഴ്ച വൈകുന്നേരം പരിശോധന നടത്തിയത്. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെത്തിച്ച ഇരുവരെയും നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി.