മുചുകുന്നിന് ഇനി ആഘോഷത്തിന്റെ ആറ് നാളുകൾ; കോട്ട-കോവിലകം ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും


കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈവിധ്യമായ പരിപാടികളോടെയാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നത്.

കൊടിയേറ്റ ദിവസമായ ഇന്ന് കലവറ നിറയ്ക്കൽ, അന്നദാനം, കോട്ടയകത്ത് നിന്ന് തണ്ടാന്റെ വരവും കൊടിമരവരവും, കോവിലകം ക്ഷേത്രത്തിൽ നിന്നും ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് തിടമ്പെഴുള്ളത്ത്‌, മാണിക്യം വിളി, കൊടിയേറ്റം എന്നിവ നടക്കും.

മാർച്ച് പത്തിന് കോട്ടയിൽ ക്ഷേത്രത്തിൽ പ്രസാദ ഊട്ട്, കോവിലകം ക്ഷേത്രത്തിൽ മാതൃസമിതിയുടെ മെഗാതിരുവാതിര, കലാക്ഷേത്രം വിദ്യാർഥികളും പ്രാദേശിക കലാകാരന്മാരും ചേർന്നുള്ള സർഗസന്ധ്യ.

മാർച്ച് 11 ന് കോട്ടയിൽ ക്ഷേത്രത്തിൻ രാവിലെ മുൻ ദേവസ്വം മാനേജർ എ.കെ.കരുണാകരൻ നായരെ ആദരിക്കൽ, പ്രസാദ ഊട്ട്, സർപ്പബലി, കോവിലകം ക്ഷേത്രത്തിൽ കോൽക്കളി, യുവഫ്യൂഷൻ നൈറ്റ്.

മാർച്ച് 12 ന് ഭഗവതിപാട്ട്, കോട്ടയിൽ ക്ഷേത്രത്തിൽ സോപാന നൃത്തം, ഡോ. പീയൂഷ് നമ്പൂതിരിയുടെ പ്രഭാഷണം, മുചുകുന്ന് പത്മനാഭന്റെ ഓട്ടൻ തുള്ളൽ, പ്രസാദ ഊട്ട്, പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, കോവിലകം ക്ഷേത്രത്തിൽ ഗാനാഞ്ജലി, തണ്ടാന്റെ മേലേരി വരവ്, സ്കോളർഷിപ്പ് വിതരണവും, മുചുകുന്ന് പത്മനാഭനെയും അഭിലാഷ് സ്വപ്നാ നിവാസിനേയും ആദരിക്കൽ, പയ്യന്നൂർ എസ്.എസ്. ഓർക്കസ്ട്രയുടെ മെഗാ മ്യൂസിക്കൽ നൈറ്റ്, മുല്ലക്കൽ പാട്ടിനെഴുന്നള്ളിപ്പ്, ഭഗവതിക്ക് കളമെഴുത്തും പാട്ടും.

മാർച്ച് 13 ന് പള്ളിവേട്ട, കോട്ടയിൽ ക്ഷേത്രത്തിൽ ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ, തണ്ടാന്റ വരവ്, ഇളനീർക്കാവ് വരവുകൾ, ഇളനീർവെപ്പ്, കോവിലകം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, പരിചമുട്ടുകളി, മട്ടന്നൂർ ശ്രീരാജിന്റെ നേതൃത്വത്തിൽ പാണ്ടിമേളം, കളനൃത്തം, കളം മായ്ക്കൽ.

മാർച്ച് 14 നാണ് ആറാട്ട്. അന്നേ ദിവസം കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നെരവത്ത് കുന്നിൽ വാഴയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിൽ വാഴയിൽ ക്ഷേത്രത്തിൽ നിന്ന് വാളെഴുന്നള്ളത്ത്, ഓട്ടൻ തുള്ളൽ, കോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് ആറാട്ടെഴുന്നള്ളത്ത്, കിഴക്കൂട്ട് അനിയൻ മാരാർ, മുചുകുന്ന് ശശി മാരാർ, കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശേരി വിനോദ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളം, കുളിച്ചാറാട്ട്, മാണിക്യം വിളി.

മാർച്ച് 15 ന് വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും മടക്കെഴുന്നള്ളത്ത് കോവിലകം ക്ഷേത്ര ത്തിലെത്തുന്നതോടെ ഉത്സവം സമാപിക്കും. ക്ഷേത്രോത്സവത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ നെല്ലിമഠത്തിൽ, ശ്രീനിവാസൻ കിഴക്കേടത്ത്, അശോകൻ പുഷ്പാലയം, സുധാകരൻ അരയങ്ങാട്ട്, രാജൻ ചേനോത്ത് എന്നിവർ പങ്കെടുത്തു.