ഗൂഗിൾ പേ വഴി പണം നൽകണം, കഞ്ചാവ് എത്തിച്ച് നൽകേണ്ട സ്ഥലം വാട്ട്സ്ആപ്പ് വഴി അറിയിക്കണം; തലക്കുളത്തൂരിൽ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ


തലക്കുളത്തൂർ: ജില്ലയിലേക്ക് വൻ കഞ്ചാവൊഴുക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33) പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് ബൈക്ക് സഹിതം പിടിയിലായത്.

പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും റോഡ് മാർഗം പെരിന്തൽമണ്ണയിലെ രഹസ്യ കേന്ദ്രത്തിൽ കഞ്ചാവെത്തിച്ച ശേഷമാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്.

മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിലും വാടകയ്ക്ക് എടുക്കുന്ന കാറിലും ബൈക്കിലുമായി കഞ്ചാവ് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകും. ഗൂഗിൾ പേ വഴിയാണ് പണം നൽകേണ്ടത്. പണം നൽകിയശേഷം കഞ്ചാവ് എത്തിച്ച് നൽകേണ്ട സ്ഥലം വാട്ട്സ്ആപ്പ് വഴിയാണ് അയച്ചുനൽകേണ്ടത്. കിലോഗ്രാമിന് മുപ്പതിനായിരം രൂപയാണ് ഈടാക്കുന്നത്. ഗൂഗിൾ പേ ചെയ്യേണ്ട നമ്പർ അതാത് സമയങ്ങളിൽ ഇർഷാദ് ആവശ്യക്കാരെ അറിയിക്കുകയാണ് ചെയ്യാറ്. വിവിധ അക്കൗണ്ട് നമ്പറുകളാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവാണ് മുപ്പതിനായിരം രൂപ ഈടാക്കി വിൽപന നടത്തുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും സംയുക്തമായി ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ പന്ത്രണ്ട് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

ദിവസങ്ങൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. വാഹനങ്ങൾ കേന്ദ്രീകരിച്ച് സിറ്റി ക്രൈം സ്ക്വാഡും ഡൻസാഫും അന്വേഷണം നടത്തി വരുന്നതിനിടയിൽ പ്രതികൾ എലത്തൂർ എസ്.ഐ. കെ.രാജേഷിൻ്റെ പിടിയിലാവുകയായിരുന്നു. ഇർഷാദിന്റെ ജ്യേഷ്ഠന്റെ വാഹനത്തിൽ പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലാവുന്നത്.

കോഴിക്കോട് തഹസിൽദാർ എം.എൻ പ്രേംലാലിൻ്റെ നേതൃത്വത്തിൽ തുടർ പരിശോധന നടന്നു. കോഴിക്കോട് ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ. അഖിലേഷ്, സിപിഓമാരായ ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, അർജുൻ അജിത്ത്, കാരയിൽ സുനോജ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് എലത്തൂർ സി.പിഓ ആർ. രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.