”പ്ലസ് വണ്‍ പ്രവേശത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് ബോണസ് പോയിന്റുണ്ടോ?”; നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തടിയൂരി; കൊയിലാണ്ടിയിലെ ക്യാമ്പിനെക്കുറിച്ച് നഗരസഭ പറയുന്നത്


ബോണസ് മാര്‍ക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി നീന്തല്‍ പരിശോധനയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ നഗരസഭകള്‍ക്ക് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയെന്നും ഇതുപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നുമാണ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. എന്നാല്‍ നീന്തലറിവ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന വന്നതോടെ ക്യാമ്പിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നഗരസഭ. മന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നഗരസഭയ്ക്ക് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയശേഷമേ ക്യാമ്പുമായി മുന്നോട്ടുപോകണമോയെന്ന കാര്യം തീരുമാനിക്കൂവെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ പയ്യോളി നഗരസഭയിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ മൂന്നിന് കീഴൂര്‍ കാട്ടുകുളത്ത് വെച്ച് നടത്താനിരുന്ന നീന്തല്‍ പരിശോധനാ ക്യാമ്പ് നിര്‍ത്തിവെച്ചതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് ഇതിനകം തന്നെ ക്യാമ്പ് പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ത്തിയാകാത്ത മറ്റിടങ്ങളിലും മാറ്റിവെക്കാനാണ് സാധ്യത.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പറയുന്നത്:

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ബോണസ് മാര്‍ക്കിനെന്ന പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എവിടെയും നീന്തല്‍ പരിശോധന നടത്തിയിട്ടില്ലെന്നാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നീന്തല്‍ കുളത്തില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് നേരത്തെ തന്നെ ചെയ്യുന്നതാണ്. മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടെ വന്ന് പരിശോധന നടത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചപ്പോള്‍ പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചതാണെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിശദീകരണം.

വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്:

പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരമില്ല. അവാസ്തവ പ്രചാരണങ്ങളിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത്.

നീന്തലിന് ബോണസ് പോയിന്റ് ഉണ്ടോ?

ഈ വര്‍ഷത്തെ ബോണസ് പോയിന്റുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലയെന്നാണ് മന്ത്രി പറഞ്ഞത്. നീന്തലിന് ഈ വര്‍ഷം മുതല്‍ ബോണസ് പോയിന്റ് വേണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ മന്ത്രിതലയോഗം തത്വത്തില്‍ അംഗീകരിക്കുകയും സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയുമാണ്.