അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചു; വേളം സ്വദേശിനി ഉൾപ്പെടെ ആറ് പേർ കരിപ്പൂരിൽ പിടിയിൽ


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടി. വിപണിയിൽ 3.48 കോടി രപ വിലവരുന്ന 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയത്. സംഭവത്തില്‍ വേളം സ്വദേശിനിയുൾപ്പെടെ ആറ് പേരെ കസ്‌ററ്റംസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പേർ സ്ത്രീകളാണ്.   

അബുദാബിയില്‍ നിന്നെത്തിയതാണ് വേളം സ്വദേശിനി. ഇവരിൽ നിന്ന് 1.31 കിലോ ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും ഇതിന് പിന്നാലെ പിടിയിലായി. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവരും സ്വര്‍ണ്ണം കടത്തിയത്. 

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയിൽ നിന്നും സ്വർണ്ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.