പൂക്കാട് രണ്ടുവീടുകളില്‍ മോഷണം; ബൈക്കും പത്തുപവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി


പൂക്കാട്: പൂക്കാട് രണ്ടുവീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണ ശ്രമവും. പഴയ ഉര്‍വശിയുടെ കിഴക്ക് ഭാഗത്തും പൂക്കാട് കലാലയത്തിന് സമീപവും വി.ഐ.പി തെക്കേലാട്ട് റോഡിലുമായി മൂന്നുവീടുകളിലാണ് കള്ളന്‍ കയറിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമായിരുന്നു സംഭവം.

വീറുവീട്ടില്‍ ഇ.പി.ശ്രീധരന്‍ മാഷുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്. വീടിനകത്തു കയറിയ കള്ളന്‍ അലമാരയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പൂക്കാട് കലാലയത്തിന് സമീപത്തുള്ള കിഴക്കോത്ത് നിതിന്റെ ബൈക്കാണ് നഷ്ടമായത്. വീടിനകത്തു കയറി ചാവിയെടുത്തശേഷം ബൈക്കുമായി കടന്നുകളയുകയായിരുന്നു. മറ്റൊരു വീട്ടില്‍ മോഷ്ടാവ് കയറിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ ഒരാള്‍ പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ മോഷണം നടന്ന വീടുകളില്‍ ഇന്ന് പരിശോധന നടത്തും.