റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി, കാല്‍നട യാത്ര ദുഷ്‌ക്കരം; മേപ്പയ്യൂര്‍-അരിക്കുളം പഞ്ചായത്തുകളിലെ കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റ ശോചനീയാവസ്ഥയില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍


അരിക്കുളം: മേപ്പയ്യൂര്‍-അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാവുന്നു. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി കാല്‍ നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ഗതാഗതം നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായ അവസ്ഥയായിരുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബന്ധപ്പെടാനുള്ള ഏക അശ്രയമാണ് ഈ പാത. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി ടി പി രാമകഷ്ണന്‍ എം എല്‍ എയ്ക്ക് നിവേദനം നല്‍കി. കൂടുതല്‍ പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പരിസരവാസികള്‍.

ചന്ദ്രന്‍ നൊട്ടിയില്‍ പ്രസിഡന്റായും മനോജ് ചാനത്ത് സെക്രട്ടറിയായും കമ്മിറ്റി രൂപീകരിച്ചു. മൊയ്തു പീറ്റ ക്കണ്ടി വൈസ് പ്രസിഡന്റ്, രാജേഷ് കെ.എം, ബിജു ഏ.എം ജോയിന്റ് സെക്രട്ടറിമാര്‍, അനൂപ് കുടത്തില്‍ ഖജാന്‍ജി എന്നിവരാണ് മറ്റു ഭാരവാഹികള്‍.